ഇരുട്ടിൽ ഒരു പുണ്യാളൻ
പി.എഫ്. മാത്യൂസ്
ഇരുട്ടിലൊരു പി.എഫ്. മാത്യൂസ്.... ഇരുട്ട്, മരണം, ചെകുത്താൻ, കാപ്പിരിയെന്ന ലോക്കൽ ചെകുത്താൻ, ഒരു കുട്ടിച്ചെകുത്താൻ തുടങ്ങി എഴുത്തുകാരന്റെ തന്നെ അടിയാളപ്രേതം എന്ന നോവലിന്റെ വിത്തുകൾ ഇരുട്ടിൽ ഒരു പുണ്യാളനിൽ കാണാം. ആരാധകരുടെ ആത്മാവിനെ പണയം സ്വീകരിച്ചുകൊണ്ട് ഭൗതീക സുഖം നൽകുന്ന ചെകുത്താനും അവനെ പ്രീതിപ്പെടുത്തി നേടിയ സമ്പത്തും, അടുത്ത തലമുറ അതിനെപ്പേറി അനുഭവിക്കേണ്ടിവരുന്ന അലോസരങ്ങളുമാണ് കഥാ പശ്ചാത്തലം. അച്ചമ്പിയുടെ മകൻ സേവ്യർ, സേവ്യറിന്റെ 'അമ്മ അന്നംക്കുട്ടി, അവരുടെ മരുമകൾ കർമ്മലി,പിന്നെയൊരു എഴുത്തുകാരനും. ഇവരുടെ വാക്കുകളിലൂടെ യാഥാർഥ്യമോ, സ്വപ്നമോ, തോന്നലോ, അതോ ഭ്രാന്തുതന്നെയോ (വേണമെങ്കിൽ അങ്ങനെയും ഒരു വായനയ്ക്ക് സാദ്ധ്യതകൾ ഇട്ടിട്ടുണ്ട്) എന്ന് തോന്നുന്ന തരത്തിൽ അയല്പക്കത്തു നടന്ന യഥാർത്ഥ സംഭവം കാണുന്ന രീതിയിൽ ഒരു മികച്ച കഥപറച്ചിൽ. ടി ഡി രാമകൃഷ്ണന്റെ കോരപ്പാപ്പനും(ഫ്രാൻസിസ് ഇട്ടിക്കോര), ബെന്യാമിന്റെ കറുത്തച്ചനും(മഞ്ഞവെയിൽ മരണങ്ങൾ) ,ഇവിടെ മാത്യൂസിന്റെ കാപ്പിരിയും ചെകുത്താനും മലയാളിയെ അത്ര പരിചയമില്ലാത്ത ഇരുട്ടിലെ ശക്തികളെ പരിചയപ്പെടുത്തുകയാണ് പുതിയൊരു ലോകം പുറകെവരുന്ന എഴുത്തുകാർക്കും വായനക്കാർക്കുമായി തുറന്നിടുകയാണ്. ഇതേ തീവ്രതയോടെ വിവേകാന്ദന്റെ രാജയോഗത്തിലൊക്കെ പറയുന്ന പോലെ ആത്മീയതയുടെ സുഗത്തിനെ പറ്റിയും ആൾദൈവങ്ങളല്ലാത്ത യോഗികളെപ്പറ്റിയും ആരെങ്കിലുമൊക്കെ എഴുതിയിരുന്നെങ്കിലെന്നു ആഗ്രഹിച്ചു പോകുന്നു.മനസ്സിൽ വെളിച്ചം കൊണ്ടുവരുന്ന പുണ്യാളന്മാരുടെ കഥകളും കേൾക്കണ്ടേ?
No comments:
Post a Comment