ചോരശാസ്ത്രം
വി ജെ ജെയിംസ്
മികച്ചകലാസൃഷ്ടി, ലളിതമായ ആവിഷ്കാരം. എന്താണ് സമ്പത്തെന്നു മൂന്ന് കഥാപാത്രങ്ങളിലൂടെ പറയാതെ പറഞ്ഞു എഴുത്തുകാരൻ. മോഷണവിദ്യയിലൂടെ സമ്പന്നനായ കള്ളൻ, വിദ്യാസമ്പാദനം ജീവിതമാക്കിയ പ്രൊഫസ്സർ, കുടുംബം നഷ്ടപ്പെട്ട പിശുക്കനായ മുതലാളി ഇവരിലൂടെ എഴുത്തുകാരൻ ജീവിതത്തെ വരച്ചിടുന്നു.
നന്മയും തിമയുമൊക്കെ ആപേക്ഷികമായ ഈ ലോകത്തു ആപത്തുകാലത്തേയ്ക്കുവേണ്ടി അധ്വാനിച്ചും, ചൂഷണം ചെയ്തും, അധ്വാനിക്കാതെയുമൊക്കെയും സമ്പത്തു ശേഖരിക്കുന്ന എല്ലാരുടേയുമുള്ളിൽ ഒരു കള്ളനുണ്ട് സത്യമല്ലേ? ഇവിടെ ഞാനും നീയുമൊക്കെ മാന്യരായ കള്ളന്മാരാണ് അപ്പോൾ നമ്മളെ പോലെയല്ലാതെ മോഷണം തന്നെ തൊഴിലാക്കിയ ഒരു സാധാരണ കള്ളന്റെ ജീവിതത്തിലെ മൂന്നുകാലഘട്ടത്തിലൂടെയാണ് വി ജെ ജെയിംസ് നമ്മളെ കടത്തിവിടുന്നത്. കായികമായി അധ്വാനിക്കുന്ന സാധാരണക്കാരായ തൊഴിലാളിയാണ് കഥയിലെ ആദ്യഭാഗത്തെ കള്ളൻ അവൻ ദരിദ്രനും ജീവിതത്തിനോട് അഭിനിവേശം ഉള്ളവനുമാണ് രണ്ടാം ഘട്ടത്തിൽ അവനു വിദ്യ ലഭിക്കുകയും അധ്വാനത്തിന് ഒരു ആശ്വാസം വരികയും സമ്പന്നനാവുകയും ചെയ്യുന്നു, മൂന്നാം ഘട്ടത്തിൽ അവൻ ജീവിതം മറക്കുകയും കേവലം ദുരാഗ്രഹിയായി പരിണമിക്കുന്നു. താൻ എന്തിനാണ് സമ്പാദിക്കുന്നതെന്നറിയാതെ ജീവിതം എന്തെന്നറിയാതെ കൂടുതൽ കൂടുതൽ സമ്പാദിക്കുകയും അധ്വാനിക്കുകയും ഉറക്കംനഷ്ടപ്പെടുന്നവനുമായ പാവം സമ്പന്നായി കള്ളനെ കാണാൻ സാധിക്കും.
കള്ളന്റെ സമാന്തര പാതയിൽ തന്നെയാണ് പ്രൊഫസറും സഞ്ചരിക്കുന്നത് അദ്ദേഹം വിദ്യയാണ് സമ്പാദിക്കുന്നത് ജീവിതമെന്നാൽ ഓരോ പുതിയ വിദ്യാസമ്പാദനമാണെന്നും അതിൽ അഭിരമിച്ചു ഭ്രാന്തമായ ജീവിതാന്ത്യത്തിൽ അറിവെത്ര ക്ലേശവും ഭാരവുമാണെന്നറിയുമ്പോൾ ഒരു കുട്ടിയെപോലെയാകുവാൻ കൊതിക്കുന്ന പ്രൊഫസ്സറും ഈ ലോകത്തിലെ ബുദ്ധികൊണ്ടദ്ധ്വാനിക്കുന്ന അതിൽ അഭിരമിക്കുന്ന അതുകൊണ്ടു സമ്പത്തുമാത്രം കാംക്ഷിക്കുന്ന ജീവിക്കാൻ മറന്നുപോയ സാധാരണക്കാരെ പ്രതിനിധീകരിക്കുന്നു.
കർക്കശക്കാരനായ മുതലാളി പൊന്നുപോലെ രഹസ്യമായി എന്നും നോക്കി രസിക്കുന്നതു അയാൾ പിശുക്കിയുണ്ടാക്കിയ സ്വത്തല്ലെന്നും അത് അയാളുടെ നഷ്ടപ്പെട്ട കുടുംബത്തിന്റെ ചിത്രമാണെന്നും അതിന്റെ ഓര്മകളാണയാൾ ഭദ്രമായി സൂക്ഷിച്ച നിധിയെന്നും പറയുമ്പോൾ ജീവിതമെന്നാൽ വിദ്യയും സമ്പത്തും നേടുക മാത്രമല്ലയെന്നും അത് നമുക്കുവേണ്ടിയും കുടുംബത്തിനും സൗഹൃദത്തിനുമായി പങ്കുവെച്ചും നല്ല ഓർമ്മകൾ സമ്പാദിച്ചും (ഓർമ്മകൾ ഒരിക്കലും ഒരു ചോരനും ചോർത്താനാകില്ലല്ലോ) ജീവിതം ആസ്വദിക്കണമെന്നു പറയാതെ പറയുന്നു.
No comments:
Post a Comment