Friday, October 11, 2024

തക്ഷൻകുന്ന് സ്വരൂപം

 തക്ഷൻകുന്ന് സ്വരൂപം 

യു വി കുമാരൻ 


കേട്ടറിഞ്ഞ കഴിഞ്ഞ കാലത്തേക്കുള്ള ടൈം ട്രാവലായിരുന്നു  തക്ഷൻകുന്ന് വായന, യഥാർത്ഥത്തിൽ അതൊരു വായനയായി ഇപ്പോൾ തോന്നുന്നില്ല അതൊരു കാഴ്ചയായിരുന്നു. അച്ഛന്റെ തല്ലുവാങ്ങി തടിപ്പാലത്തിൽ കിടന്ന് കരഞ്ഞരാമറിന്റെ കൂടെ ഒരു ജീവിതകാലം നീളുന്ന യാത്ര, ചേക്കുവിനോടും കുഞ്ഞിക്കേളുവിനോടും കൂട്ടുകൂടിയും സൊറപറഞ്ഞും രാമറിന്റെ കൂടെ ഞാൻ ചൊവ്വ്വവയലിനിരുപുറവും നടന്നു,കാലിച്ചന്തയും മാദാമ്മയുടെ കടയും ചെമ്പകച്ചോടും പൊടിപറക്കുന്ന റോഡും എന്റെ യാഥാർഥ്യങ്ങളാണിപ്പോൾ, ശ്രീധരൻ ഡോക്ടരിലും കണ്ണച്ചനിലും കണ്ട നന്മയും കെ കേളപ്പനും മഹാന്മാഗാന്ധിയും അബ്‌ദുറഹ്‌മാൻ സാഹിബും നയിച്ച നവോത്ഥാന സമരങ്ങളും , കാറ്റിൽ നാട്ടിലാകെ പരന്ന വസൂരി ബാധയും , ലോകയുദ്ധ കാലത്തേ പട്ടിണിയും, ജാപ് ഏജന്റായ കണാരനേയും മറയ്ക്കുന്നതെങ്ങനെ?.ഇതിനിടയിൽ നടക്കുന്ന രാമറിന്റെ വളർച്ചയും  കല്യാണിയുമായുള്ള പ്രണയവും  ജീവിതവും എത്ര സുന്ദരമായാണെഴുതി വച്ചിരിക്കുന്നത്. കാലത്തിനും സമയത്തിനുമെതിരെ ഏതാണ്ട് നൂറു കൊല്ലം പിന്നിലേക്ക് സഞ്ചരിച്ച വായനാനുഭവം സമ്മാനിച്ച ഈ കൃതി മലയാളത്തിലെ മികച്ച വായനാനുഭവങ്ങളിൽ ഒന്നാകുന്നു.

Thursday, October 3, 2024

അഘോരികളുടെ ഇടയില്‍

 അഘോരികളുടെ ഇടയില്‍

റിഹാൻ റഷീദ് 


വിരസം, സമയനഷ്ടം

അഘോരികളുടെ ഇടയില്‍ എന്ന പേരും ആകർഷകമായ  ബുക്ക് കവറിലും ആകൃഷ്ടനായാണ് വായന തുടങ്ങിയത് പക്ഷെ ശരാശരിയിലും താഴെയുള്ള വായനാനുഭവമായിരുന്നു ഫലം. ഇതിൽ  അഘോരി എവിടെയെന്നു ചോദ്യമായിരുന്നു വായന ഏതാണ്ട് എഴുപതു ശതമാനമാകുന്നത് വരെ. അഘോരികളുടെ ഇടയിൽ ജീവിക്കുകയും അവരെപ്പറ്റി വിശദമായി പഠിക്കുകയും അതിന്റെ അനുഭവ കുറിപ്പുകളായിരിക്കും ഈ പുസ്തകമെന്ന മിഥ്യാധാരണ വായന പകുതിയായപ്പോൾ തന്നെ മാറിക്കിട്ടി. കുറച്ചു യാത്രാവിവരങ്ങളും പൈങ്കിളി പ്രേമവും തന്റെ ഭാവനയും ചേർത്ത് എന്തൊക്കെയോ എഴുതിക്കൂട്ടിയതു പോലെ തോന്നി. ജാതകരഹസ്യവും മുൻജന്മപാപപരിഹാരവും വഴിയിൽ പിന്തുടർന്ന സ്വാമിയും അപ്രത്യക്ഷമാകാലും...(പഴയ പരിപ്പ്) പുതിയ എഴുത്തുകാരെ റിവ്യൂ നോക്കാതെ വായിക്കാനുള്ള ധൈര്യമാണ് ഇത്തരം കൃതികളിലൂടെ നഷ്ടമാകുന്നത്. 

Wednesday, October 2, 2024

റൂത്തിന്റെ ലോകം

 റൂത്തിന്റെ ലോകം 

ലാജോ ജോസ് 


വായനക്കാരനെ ആകാംഷയുടെ മുൾമുനയിൽ പിടിച്ചിരുത്തുന്ന ഈ അടുത്ത കാലത്തു വായിച്ചതിൽ വെച്ചേറ്റവും ഇഷ്ടപ്പെട്ട ത്രില്ലെർ ഗണത്തിൽ പെടുത്താവുന്ന കൃതി. ഇനി കുറച്ചുനാൾ റൂത്തും അവളുടെ മനസികാധ്വാനവും വായനക്കാരന്റെ ഓർമകളിലുണ്ടാവും. അനാവശ്യമായതൊന്നും ഈ പുസ്തകത്തിലില്ല, എഴുത്തുകാരൻ കഥാപാത്രസൃഷ്ടിയിൽ നടത്തിയ അസാമാന്യമായ അച്ചടക്കം എടുത്തുപറയേണ്ടതുണ്ട്, അവസാനം വരെ ഒരു തുമ്പും തരാത്ത തരത്തിലെ കഥപറച്ചിൽ! ഇതൊരു ചലച്ചിത്രമാകാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ തോന്നിയ കൗതുകമാണ്  പുസ്തകം വായനയിലേക്ക് നയിച്ചത് സിനിമയുടെ ടീസർ പോസ്റ്റരിൽ കണ്ട താരങ്ങളെ കഥാപാത്രങ്ങളാക്കിയാണ്  മനസ്സിൽ റൂത്തിന്റെ ലോകം തെളിഞ്ഞത്. ഓർമ്മകൾ നഷ്ടപ്പെട്ട റൂത്തും അവൾ കഷ്ടപ്പെട്ടുണ്ടാക്കിയെടുത്ത അവളുടെ ലോകവും,പോരാട്ടവുമാണ് നോവൽ, ഇതില്കൂടുതലെന്തു പറഞ്ഞാലും സ്പോയിലർ ആകും. ഹൈഡ്രാഞ്ചിയ എന്ന അസാമാന്യ നോവലിലുണ്ടായിരുന്ന കുറച്ചു വിരസമായ കാര്യങ്ങൾ ഇവിടെ എഴുത്തുകാരൻ ഒഴിവാക്കിയിട്ടുണ്ട് ഹൈഡ്രാഞ്ചിയയിൽ അവസാനം കൊണ്ടുപോയി കലമുടച്ച പോലെ ഇവിടെയും സംഭവിക്കുമെന്ന് കരുതിയിരുന്നു, പക്ഷേ വായനക്കാരനെ  അത്ഭുതപ്പെടുത്തുന്ന   കൗശലതയോടെ കൃത്യമായി ഉണ്ടാക്കിയെടുത്ത ക്ലൈമാക്സ് കൊണ്ട് ലാജോ ജോസ് റൂത്തിന്റെ ലോകത്തിനെ ഒരു പെർഫെക്റ്റ് ത്രില്ലെർ  കൃതിയാക്കി മാറ്റുന്നുണ്ട് . 

തക്ഷൻകുന്ന് സ്വരൂപം

 തക്ഷൻകുന്ന് സ്വരൂപം  യു വി കുമാരൻ  കേട്ടറിഞ്ഞ കഴിഞ്ഞ കാലത്തേക്കുള്ള ടൈം ട്രാവലായിരുന്നു  തക്ഷൻകുന്ന് വായന, യഥാർത്ഥത്തിൽ അതൊരു വായനയായി ഇപ്പ...

old posts