Friday, October 11, 2024

തക്ഷൻകുന്ന് സ്വരൂപം

 തക്ഷൻകുന്ന് സ്വരൂപം 

യു വി കുമാരൻ 


കേട്ടറിഞ്ഞ കഴിഞ്ഞ കാലത്തേക്കുള്ള ടൈം ട്രാവലായിരുന്നു  തക്ഷൻകുന്ന് വായന, യഥാർത്ഥത്തിൽ അതൊരു വായനയായി ഇപ്പോൾ തോന്നുന്നില്ല അതൊരു കാഴ്ചയായിരുന്നു. അച്ഛന്റെ തല്ലുവാങ്ങി തടിപ്പാലത്തിൽ കിടന്ന് കരഞ്ഞരാമറിന്റെ കൂടെ ഒരു ജീവിതകാലം നീളുന്ന യാത്ര, ചേക്കുവിനോടും കുഞ്ഞിക്കേളുവിനോടും കൂട്ടുകൂടിയും സൊറപറഞ്ഞും രാമറിന്റെ കൂടെ ഞാൻ ചൊവ്വ്വവയലിനിരുപുറവും നടന്നു,കാലിച്ചന്തയും മാദാമ്മയുടെ കടയും ചെമ്പകച്ചോടും പൊടിപറക്കുന്ന റോഡും എന്റെ യാഥാർഥ്യങ്ങളാണിപ്പോൾ, ശ്രീധരൻ ഡോക്ടരിലും കണ്ണച്ചനിലും കണ്ട നന്മയും കെ കേളപ്പനും മഹാന്മാഗാന്ധിയും അബ്‌ദുറഹ്‌മാൻ സാഹിബും നയിച്ച നവോത്ഥാന സമരങ്ങളും , കാറ്റിൽ നാട്ടിലാകെ പരന്ന വസൂരി ബാധയും , ലോകയുദ്ധ കാലത്തേ പട്ടിണിയും, ജാപ് ഏജന്റായ കണാരനേയും മറയ്ക്കുന്നതെങ്ങനെ?.ഇതിനിടയിൽ നടക്കുന്ന രാമറിന്റെ വളർച്ചയും  കല്യാണിയുമായുള്ള പ്രണയവും  ജീവിതവും എത്ര സുന്ദരമായാണെഴുതി വച്ചിരിക്കുന്നത്. കാലത്തിനും സമയത്തിനുമെതിരെ ഏതാണ്ട് നൂറു കൊല്ലം പിന്നിലേക്ക് സഞ്ചരിച്ച വായനാനുഭവം സമ്മാനിച്ച ഈ കൃതി മലയാളത്തിലെ മികച്ച വായനാനുഭവങ്ങളിൽ ഒന്നാകുന്നു.

Thursday, October 3, 2024

അഘോരികളുടെ ഇടയില്‍

 അഘോരികളുടെ ഇടയില്‍

റിഹാൻ റഷീദ് 


വിരസം, സമയനഷ്ടം

അഘോരികളുടെ ഇടയില്‍ എന്ന പേരും ആകർഷകമായ  ബുക്ക് കവറിലും ആകൃഷ്ടനായാണ് വായന തുടങ്ങിയത് പക്ഷെ ശരാശരിയിലും താഴെയുള്ള വായനാനുഭവമായിരുന്നു ഫലം. ഇതിൽ  അഘോരി എവിടെയെന്നു ചോദ്യമായിരുന്നു വായന ഏതാണ്ട് എഴുപതു ശതമാനമാകുന്നത് വരെ. അഘോരികളുടെ ഇടയിൽ ജീവിക്കുകയും അവരെപ്പറ്റി വിശദമായി പഠിക്കുകയും അതിന്റെ അനുഭവ കുറിപ്പുകളായിരിക്കും ഈ പുസ്തകമെന്ന മിഥ്യാധാരണ വായന പകുതിയായപ്പോൾ തന്നെ മാറിക്കിട്ടി. കുറച്ചു യാത്രാവിവരങ്ങളും പൈങ്കിളി പ്രേമവും തന്റെ ഭാവനയും ചേർത്ത് എന്തൊക്കെയോ എഴുതിക്കൂട്ടിയതു പോലെ തോന്നി. ജാതകരഹസ്യവും മുൻജന്മപാപപരിഹാരവും വഴിയിൽ പിന്തുടർന്ന സ്വാമിയും അപ്രത്യക്ഷമാകാലും...(പഴയ പരിപ്പ്) പുതിയ എഴുത്തുകാരെ റിവ്യൂ നോക്കാതെ വായിക്കാനുള്ള ധൈര്യമാണ് ഇത്തരം കൃതികളിലൂടെ നഷ്ടമാകുന്നത്. 

Wednesday, October 2, 2024

റൂത്തിന്റെ ലോകം

 റൂത്തിന്റെ ലോകം 

ലാജോ ജോസ് 


വായനക്കാരനെ ആകാംഷയുടെ മുൾമുനയിൽ പിടിച്ചിരുത്തുന്ന ഈ അടുത്ത കാലത്തു വായിച്ചതിൽ വെച്ചേറ്റവും ഇഷ്ടപ്പെട്ട ത്രില്ലെർ ഗണത്തിൽ പെടുത്താവുന്ന കൃതി. ഇനി കുറച്ചുനാൾ റൂത്തും അവളുടെ മനസികാധ്വാനവും വായനക്കാരന്റെ ഓർമകളിലുണ്ടാവും. അനാവശ്യമായതൊന്നും ഈ പുസ്തകത്തിലില്ല, എഴുത്തുകാരൻ കഥാപാത്രസൃഷ്ടിയിൽ നടത്തിയ അസാമാന്യമായ അച്ചടക്കം എടുത്തുപറയേണ്ടതുണ്ട്, അവസാനം വരെ ഒരു തുമ്പും തരാത്ത തരത്തിലെ കഥപറച്ചിൽ! ഇതൊരു ചലച്ചിത്രമാകാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ തോന്നിയ കൗതുകമാണ്  പുസ്തകം വായനയിലേക്ക് നയിച്ചത് സിനിമയുടെ ടീസർ പോസ്റ്റരിൽ കണ്ട താരങ്ങളെ കഥാപാത്രങ്ങളാക്കിയാണ്  മനസ്സിൽ റൂത്തിന്റെ ലോകം തെളിഞ്ഞത്. ഓർമ്മകൾ നഷ്ടപ്പെട്ട റൂത്തും അവൾ കഷ്ടപ്പെട്ടുണ്ടാക്കിയെടുത്ത അവളുടെ ലോകവും,പോരാട്ടവുമാണ് നോവൽ, ഇതില്കൂടുതലെന്തു പറഞ്ഞാലും സ്പോയിലർ ആകും. ഹൈഡ്രാഞ്ചിയ എന്ന അസാമാന്യ നോവലിലുണ്ടായിരുന്ന കുറച്ചു വിരസമായ കാര്യങ്ങൾ ഇവിടെ എഴുത്തുകാരൻ ഒഴിവാക്കിയിട്ടുണ്ട് ഹൈഡ്രാഞ്ചിയയിൽ അവസാനം കൊണ്ടുപോയി കലമുടച്ച പോലെ ഇവിടെയും സംഭവിക്കുമെന്ന് കരുതിയിരുന്നു, പക്ഷേ വായനക്കാരനെ  അത്ഭുതപ്പെടുത്തുന്ന   കൗശലതയോടെ കൃത്യമായി ഉണ്ടാക്കിയെടുത്ത ക്ലൈമാക്സ് കൊണ്ട് ലാജോ ജോസ് റൂത്തിന്റെ ലോകത്തിനെ ഒരു പെർഫെക്റ്റ് ത്രില്ലെർ  കൃതിയാക്കി മാറ്റുന്നുണ്ട് . 

Tuesday, May 28, 2024

നിലം പൂത്തു മലർന്ന നാൾ മനോജ് കുറൂർ

 നിലം പൂത്തു മലർന്ന നാൾ   മനോജ് കുറൂർ 

മനം പൂത്തുലഞ്ഞ വായനാനുഭവം, മലയാളത്തിനിത്ര മധുരമോ? ഏതാണ്ട് ആയിരത്തോളം വർഷങ്ങൾ പുറകോട്ടു ടൈം ട്രാവൽ ചെയ്ത അനുഭവമായിരുന്നു. അന്നത്തെ ഊൻചോറിന്റെ രുചിയും, പെരുംപുലവന്റെ പാട്ടും , മറവരുടെയും തിണയരുടെകൂട്ടും, കണ്ണിൽചോരയില്ലാ  വേട്ടയും,നിലനില്പിന്റെ ചതിയും, ജീവന്കൊടുത്തുള്ള കൂട്ടും, വായന കഴിഞ്ഞു ഇത്രകഴിഞ്ഞിട്ടും ഓർമയിൽ നിൽക്കുന്നു. ആയിരം വര്ഷം മുൻപത്തെ സാധാരണക്കാരന്റെ ചരിത്രമാണീ നോവലിൽ, അവന്റെ വിശപ്പും യാത്രയും പോരാട്ടവുമാണ് വിഷയം. ഏതാണ്ട് അൻപതോളം സുന്ദരമായ പുതിയ(പഴയ)  മലയാളം വാക്കുകൾ പരിചയപ്പെടുത്തുന്ന സംസ്കൃതച്ചുവ തീരെയില്ലാത്ത പഴന്തമിഴ് പോലെ ഒരു മധുരമലയാളത്തിലാണ് കഥ പറഞ്ഞിരിക്കുന്നത്. ഹിസ്റ്റോറിക് ഫിക്ഷൻ എഴുതുന്നവർ  രാജാക്കന്മാരുടെ പുറകെ പോയപ്പോൾ അന്നത്തെ കാലത്തെ സാധാരണക്കാരനെക്കുറിച്ച് പഠിക്കാനും അവരുടെ വൈവിധ്യമാർന്ന ജീവിതം പകർത്താനും ഭാവനയിൽ  ഒരു സുന്ദരമായ കഥ മെനഞ്ഞതിനും കഥാകാരനോട് ഒരുപാട് നന്ദി. ഭാവിയിൽ ഈ നോവലിനെക്കുറിച്ച് ഒരുപാട് ചർച്ചകളും പഠനങ്ങളുമുണ്ടാകുന്നെന്നു തീർച്ച.

സ്ക്രൈബ്

 സ്‌ക്രൈബ് 


പരീക്ഷാ ദിനം, നട്ടുച്ചച്ചൂടിൽ മഞ്ഞവെയിൽ കൊണ്ടു സ്വര്ണ്ണനിറം വന്ന അമ്പലപ്പറമ്പിനപ്പുറം ഞങ്ങളുടെ പഴയ പ്ലസ്ടു സ്കൂളിന്റെ മുൻപിൽ ഞാൻ ബസ്സിറങ്ങി.  ഒരു കുട്ടിക്കുവേണ്ടി  പരീക്ഷയെഴുതണമെന്ന്  കഴിഞ്ഞയാഴ്‌ച ടീച്ചർ വിളിച്ചു പറഞ്ഞിരുന്നു. കഴിഞ്ഞ വര്ഷവും വിളിച്ചിരുന്നു, പോയി പണികഴിച്ചു പോന്നു, റിസൾട് വന്നു, വിജയം, സമ്മാനങ്ങൾ, ഒരു കുടുംബത്തിന്റെ മുഴുവൻ നന്ദി അവർ വീട്ടിൽ വന്നു പറഞ്ഞു, സന്തോഷത്തിന്റെ കുറച്ചു വിഷമനിമിഷങ്ങൾ, എന്റെ മാതാപിതാക്കളുടെ കണ്ണിൽ കണ്ട അഭിമാനത്തിരത്തിളക്കം, ഒരു പുതിയ സൗഹൃദം കിട്ടിയതിന്റെ സന്തോഷം എനിക്കും. 

മലയാളം പരീക്ഷയും, ഇക്കണോമിക്സ് പരീക്ഷ മലയാളത്തിലെഴുതലുമാണ് എന്റെ ഡ്യൂട്ടി. കഴിഞ്ഞ വർഷം ആ സ്കൂളിന്റെ തന്നെ അഭിമാനമായ ഒരാൺകുട്ടിക്കു വേണ്ടിയായിരുന്നു എഴുതേണ്ടിയിരുന്നത് അന്നെനിക്ക് പ്രത്യേകിച്ചൊന്നും ചെയ്യേണ്ടി വന്നില്ല അവൻ പറയുന്നതിന്റെയൊപ്പം എഴുതിയാൽ മതിയായിരുന്നു. അവന്റെ പറച്ചിലിനൊപ്പം എന്റെ എഴുത്തെത്തുമ്പോൾ കയ്യക്ഷരം തനി സ്വഭാവം പുറത്തെടുക്കും, അവനാണെങ്കിൽ വിഷമമുണ്ടെങ്കിലും അതു കാണിക്കാതെ സാരമില്ല ചേട്ടാ, എഴുതിക്കോളൂന്ന് പറഞ്ഞിട്ട് ഉത്തരങ്ങൾ കൃത്യമായി പറഞ്ഞുതന്നുകൊണ്ടേയിരിക്കും, അല്ലാതെ ആ പാവം വേറെന്തു ചെയ്യാൻ.  മലയാളം ഇഷ്ടമാണെങ്കിലും എന്റെ കയ്യക്ഷരം എനിക്കു തന്നെ ഇടയ്ക്ക് മനസ്സിലാകാറില്ല  . മലയാളം ക്ലാസ്സിലെ ഒന്നും രണ്ടും റാങ്കുകാരെ കിട്ടാതെ വന്നപ്പോൾ കയ്യക്ഷരം മോശമായിരുന്നിട്ടും ഇവനെങ്കിലിവൻ എന്നുകരുതി ടീച്ചർ ഒരുകണക്കിന് ആളെയൊപ്പിച്ചതാകാമെന്നു സ്വയമാശ്വസിച്ചു രണ്ടു പരീക്ഷയും ഞാൻ തന്നെ പോയിട്ടെഴുതിവന്നു. 

ഈ വർഷവും അതെ വിഷയങ്ങൾ തന്നെ, പക്ഷെ ടീച്ചർ വിളിച്ചപ്പോൾ ഒരുകാര്യം എടുത്തു പറഞ്ഞു,  ഡാ നിനക്ക് ഇക്കണോമിക്സ് വല്ലതും ഓര്മയെണ്ടാ? ഇല്ലേൽ ഒന്ന് തുറന്നു നോക്കട്ടാ.. പുസ്തകം കയ്യിലില്ലേൽ  നീ കോളേജീന്നു വരുന്ന വഴി ഇവിടെ വന്നാമതി. പുസ്തകമൊക്കെ കയ്യിൽ തന്നെയുണ്ട് പക്ഷെ സ്ക്രൈബ് എഴുതാൻ ഞാനെന്തിനാ പഠിക്കണേ? ആ കൊച്ചു പറയണതെഴുതിയാ പോരെ? അതൊക്കെ മതി, പക്ഷെ അവൾ എപ്പോഴും പറയണമെന്നില്ല, അവളൊരു സ്പെഷ്യൽ ചൈൽഡ് ആടാ, കഴിഞ്ഞപ്രാവശ്യം സൂര്യന് പരീക്ഷ എഴുതിയ പോലെയല്ല.  ഇവൾ പഠിക്കും, എല്ലാം മനസിലാക്കുകയും ചെയ്യും പക്ഷെ നമ്മളോട് പറയണമെങ്കിൽ അവൾക്കുകൂടി തോന്നണം, പിന്നെ എഴുതാൻ നല്ല ബുദ്ധിമുട്ടാണ്. അത് സാരമില്ല, ഞാൻ പറഞ്ഞെന്നേയുള്ളൂ നീ അവൾ പറയുന്നത് മാത്രം എഴുതിയാൽമതി കേട്ടല്ലോ?!

സ്ഥിരം ചോദ്യമായ ജി.ഡി.പി കാൽകുലേഷൻ പണ്ടെങ്ങോ കാണാതെ പഠിച്ചത് കൊണ്ട് പാസ്സ്മാർക്ക് കിട്ടാനതുതന്നെ  ധാരാളമാണെന്നറിയാമായിരുന്നു.  ആത്മവിശ്വാസവും അഹങ്കാരവും തമ്മിലുള്ള വെത്യാസം അപ്പോഴും മനസിലാക്കിയിട്ടില്ലാത്ത ഞാൻ പ്രത്യേകിച്ചൊന്നും തുറന്നു നോക്കാൻ നിന്നില്ല. കോളേജിൽ രണ്ടു ദിവസം ലീവ് വാങ്ങിച്ചു. ലീവിന്റെ റീസൺ കേട്ടു ടീച്ചർമാർക്കൊക്കെ എന്തോ മതിപ്പു തോന്നിയെന്നെനിക്കു തോന്നി !!

മലയാളം പരീക്ഷ മാറ്റിവച്ചതിനാൽ എനിക്കാദ്യം എഴുതേണ്ടത് എക്കണോമിക്സ് ആയിരുന്നു. ഞാനെത്താൻ കുറച്ചു വൈകിയതിനാൽ സ്കൂളിന്റെ വരാന്തയിൽത്തന്നെ ഞങ്ങളുടെ പഴയ ഓക്സിജൻ സപ്പ്ളയർ ആൽമരത്തിനോട് ചേർന്ന്എന്നെയും കാത്ത്‌ കക്ഷി നിൽപ്പുണ്ടായിരുന്നു കൂടെ എൽസി മിസ്സിനെ കൂടെ കണ്ടപ്പോൾ ആളെ തിരിച്ചറിഞ്ഞു. വെളുത്തു മെലിഞ്ഞ ചന്ദനക്കുറിയണിഞ്ഞ ഒരു സുന്ദരിക്കുട്ടി ഇവൾക്കെന്തു കുഴപ്പം? ഞാൻ ചിന്തിച്ചു. മിസ്സ്‌ പേര് പറഞ്ഞു പരിചയപ്പെടുത്തി ഇത് റിനു മരിയ, ഞാൻ ആശ്ചര്യപ്പെട്ടു ചന്ദനക്കുറിയണിഞ്ഞ മേരികുട്ടി കൊള്ളാലോ!. പരീക്ഷാ മുറി കാണിച്ചുതന്നിട്ട്  അവളോടെന്തോ കാര്യമായി പറഞ്ഞിട്ട് മിസ്സ് നടന്നുപോയി. അവൾ എന്നെ നിരീക്ഷിക്കുകയാണോ? ഞാൻ നോക്കിയാൽ അവൾ പെട്ടെന്നു കണ്ണെടുക്കും വേറെയെങ്ങോട്ടോ നോക്കുന്ന പോലെ ഭാവിക്കും, അവൾക്കെല്ലാമൊരു കളിപോലെ തോന്നി .ഞങ്ങൾ ഹാളിലേക്ക് കേറി, പരീക്ഷ തുടങ്ങി, ഞാൻ വിദ്യാഗോപാല മന്ത്രവും സരസ്വതി സ്തുതിയും   മനസ്സിൽ ചൊല്ലി. ചോദ്യപേപ്പർ കിട്ടിയതും കുരിശുവരച്ചിട്ട്   അതൊന്നോടിച്ചുനോക്കിയതും  അവളുടെ മുഖം വാടി. എന്നിട്ടെന്നെനോക്കി പതിയേ  പറഞ്ഞു... ചേട്ടാ എനിക്കിതൊന്നും അറിയാൻ പാടില്ല, കൂടെ ഒരു പുഞ്ചിരിയും.

 (ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നു), സാരമില്ല നമുക്കോർത്തു നോക്കാം, ഞാൻ പറഞ്ഞു. ചോദ്യപ്പേപ്പർ ഞാനൊന്നോടിച്ചു നോക്കി, ഭാഗ്യം ജിഡിപി കാൽക്കുലേഷനുണ്ട് , നിസ്സംഗത വക്രത്തെപറ്റിയൊരു ചോദ്യവുമുണ്ട് "ജയിക്കാനുള്ള വകുപ്പുണ്ട്  മേരിക്കുട്ടീ, നീ പേടിക്കണ്ട നമ്മളെന്തായാലും തോൽക്കില്ല" ഞാൻ മനസ്സിൽ പറഞ്ഞു. അവൾ പരീക്ഷയെ ഒട്ടും ശ്രെദ്ധിക്കുന്നില്ലായിരുന്നു, മറ്റുകുട്ടികൾ എഴുതുന്നതു ശ്രെദ്ധിച്ചും  ഇന്വിജിലേറ്ററെയും ഇടയ്ക്കെന്നെയും നോക്കി ക്ലാസ്സിലിരുന്നു. സമയം ഞങ്ങളെ ശ്രെദ്ധിക്കാതെ അതിന്റെ പാട്ടിനും പോയി. അരമണിക്കൂറങ്ങിനെ പോയിട്ടുണ്ടാകും ഞാൻ വീണ്ടും ചോദിച്ചു നമുക്കെഴുതിയാലോ? എന്തേലും ഓർമ്മ വന്നാ? അവൾ ഇല്ലന്ന് ഒരംകോച്ചി.

 ഇനി കാത്തിരുന്നിട്ട് കാര്യമില്ല മരിയ എന്തെങ്കിലും പറയുമെന്ന് വിചാരിച്ചു സമയം കളയണ്ട,  ജയിക്കാനുള്ളതെന്തേലും എഴുതിവെക്കാം. ആദ്യ പതിനാറു ചോദ്യങ്ങൾ  ഏകദേശ ധാരണ വെച്ച്  എഴുതിയാൽ തന്നെ ജയിക്കാനുള്ള മാർക്ക് കിട്ടും ബാക്കിയെന്തേലും ഓർമയിൽ നിന്നും എടുത്തെഴുതാം, അവൾക്കുമതു സന്തോഷമാകുമെന്നു കരുതി ഞാനെഴുതാൻ തുടങ്ങി. ഉടനവൾ ഉത്തരക്കടലാസ് തന്റെ നേർക്ക് വലിച്ചു, എന്റെ എഴുത്തു തടഞ്ഞു, എന്നിട്ടെന്നെയും   ഇന്വിജിലേറ്ററെയും മാറിമാറി നോക്കി. ഇത് തെറ്റല്ലേയെന്ന ധ്വനിയായിരുന്നു  ആ നോട്ടത്തിന് . ഈശ്വരാ  ഇതെന്തു പരീക്ഷണം ഇനി ഞാനായിട്ടെന്തേലും എഴുതിയാൽ തന്നെ ഇവൾ അത് ഇന്വിജിലേറ്ററോട് പറയുമെന്നു തീർച്ച. പരീക്ഷയെങ്ങാൻ തോറ്റാൽ ഓർക്കാൻ വയ്യ... ഞാൻ ധർമ്മസങ്കടത്തിലായി.

 ഇൻവിജിലറ്റർ ഞങ്ങളെ കുറച്ചു നേരമായി ശ്രെദ്ധിക്കുന്നുണ്ടായിരു അവർ ഞങ്ങളുടെ  അടുത്തുവന്നു ചോദിച്ചു ഇയാളുടെ അനിയത്തിയാണോ? ഞാൻ അല്ലെന്നു തലയാട്ടി. ഞാനപ്പോഴാ ശ്രദ്ധിക്കുന്നത്, അതെ ഇവളെൻറെ അനിയത്തിയെ പോലെ തന്നെയാണല്ലോ, കാഴ്ച്ചയിൽ അറിയാതൊരാൾ നോക്കിയാൽ അങ്ങനെയേ തോന്നൂ.അകാരണമായി എന്റെ തൊണ്ടയിൽ ദുഖവും വേദനയും ചേർന്നൊരു സംഗതി രൂപപ്പെട്ടു എനിക്കു വിഴുങ്ങാൻ കഴിയാതെ അതവിടെയിരുന്ന് വിങ്ങുവാൻ തുടങ്ങി.എനിക്ക് പറഞ്ഞു തരുവോ എന്റെ ശബ്ദം പതറിയിരുന്നു. അവളെന്നെ നോക്കി പുഞ്ചിരിച്ചു, എന്നിട്ടെന്റെ കയ്യിൽ നിന്നും പേന വാങ്ങി ഉത്തരക്കടലാസ്സിലെന്തോ എഴുതുവാൻ ശ്രെമിച്ചു എന്നിട്ടൊരുപാട് സമയമെടുത്ത് ഒരുചോദ്യത്തിനുത്തരമെഴുതി.

നമ്പർ 16.ഇന്ത്യൻ റെയിൽവേ 

ഞാൻ പേന തിരിച്ചു വാങ്ങി. എന്നിട്ടൊന്നൂടെ പറഞ്ഞു, മോളെ നമ്മളിതുവരെ  ഒന്നും എഴുതിയില്ല,  ഇനി പകുതി സമയമേയുള്ളൂ. അവൾ എഴുതിയ ഉത്തരത്തിൽ ഒന്ന് തൊട്ടു എന്നിട്ടെന്നെനോക്കി മനസ്സിൽ പറഞ്ഞു "ആര് പറഞ്ഞു ഒന്നും എഴുതിയില്ലാന്ന്, ഇവിടെ നോക്ക്" വീണ്ടും പഴയ ചിരി. ഞാൻ വാച്ചിൽ നോക്കി,സമയം ഓടിപ്പോകുന്നപോലെതോന്നുന്നു. എന്റെയുള്ളിൽ എന്തൊക്കെയോ ഉരുണ്ടുകൂടുന്നപോലെ, ആകെയൊരു മഞ്ഞമയം, കണ്ണിൽ ഇരുട്ടുകേറുവാണോ? ദൈവമേ ഞാൻ തലകറങ്ങി വീണുപോകുമോ? എന്റെ ചിന്തകൾക്കു സ്‌ഥലകാല ബോധം നഷ്ടപ്പെട്ടു. കണ്ണ്തുറന്നിരുന്നു  ഞാനൊരു  ദിവാസ്വപ്നത്തിലേക്ക് വീണുപോയി.   

നനഞ്ഞ കരിയിലകലും വള്ളിപ്പടർപ്പുകളും നിറഞ്ഞൊരു സരസ്വതീ മണ്ഡപം, മുഷിഞ്ഞ വേഷവും ജടപിടിച്ച മുടിയുമായി ഞാനവിടെയിരുന്ന് എഴുത്തോലയിലെന്തോ എഴുതാൻ ശ്രമിക്കുന്നു, കയ്യ് വിറക്കുന്നു, എഴുത്താണി ഓലയിലുറക്കാതെ തെന്നിനീങ്ങുന്നു, ഞാൻ കരഞ്ഞു പ്രാർത്ഥിച്ചു . ഇതുവരെ കേൾക്കാത്ത ഭാഷയിലേതോ കീർത്തനങ്ങൾ പാടാൻ തുടങ്ങി, നാവുപിഴച്ചിട്ടൊന്നും ഉച്ഛരിക്കാനുമാകുന്നില്ല, ഞാനലറിക്കഴിഞ്ഞുപോയി, ഒരു യുഗത്തിന്റെ ദൈർഗ്യമുള്ള സങ്കടം.  എനിക്കുമുന്പിൽ സരസ്വതീരൂപത്തിൽ മേരിക്കുട്ടി!ഇവളെയാണോ ഞാനിത്രനാളും ധ്യാനിച്ചിരുന്നത്? ഇനിയിതാണോ എന്നോടുള്ള പരീക്ഷണം, അവളതേ പുഞ്ചിരിയിൽ എന്നെത്തന്നെ  നോക്കിയിരുന്നു. ഞാൻ തൊഴുതു പറഞ്ഞു "ദൈവമേ  എന്നോട് ക്ഷമിക്കൂ നിസ്സാരമായൊരു ഉപകാരത്തിൽ അഭിരമിച്ചതിൽ ക്ഷമിക്കൂ,  മനസ്സിലെവിടെയോ ഉരുണ്ടുകൂടിയ അഹങ്കാരത്തിനോട്ക്ഷമിക്കൂ, സേവനത്തിന്റെ ശുദ്ധി മറന്നുപോയതിനു ക്ഷമിക്കൂ, ഇനിയാർക്കെങ്കിലുമൊരു സഹായം ചെയ്യേണ്ടിവന്നാലും  ഇനിയൊന്നു സ്വീകരിക്കേണ്ടി വന്നാലും മിഥ്യാഭിമാനവും അഹങ്കാരവുമുപേക്ഷിച്ചു മനസ്സറിഞ്ഞു ചെയ്തുകൊള്ളാം, സ്വീകരിച്ചുകൊള്ളാം, ഈ അറിവില്ലാത്തവനോട് ക്ഷമിക്കൂ, എന്റെ കർമം ചെയ്യാനനുവദിക്കൂ...." 

അവളെന്റെ കവിളിൽ തോണ്ടിയുണർത്തി, കുടിവെള്ളത്തിന്റെ കുപ്പി വെച്ച് നീട്ടി, അവളെന്നെ വല്ലാതെ നോക്കി, ഞാൻ ഒന്നുമില്ലെന്ന്‌ തലയാട്ടി.സ്വയം സൃഷ്‌ടിച്ച സ്വപ്നമായിരുന്നിട്ടും ഞാനവിടെയായിരുന്നിത്രനേരമെന്നു തോന്നി. മുക്കാൽ കുപ്പി വെള്ളവും ഒറ്റക്കകത്താക്കിയപ്പോൾ ചെറിയൊരാശ്വാസം. ചേട്ടാ ഞാൻ പറയട്ടെ? അടുത്ത നിമിഷം അവളെന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ചോദിച്ചു. അവൾ  ഉത്തരങ്ങളോരോന്നായി  പറഞ്ഞു തുടങ്ങി . അതോ എനിക്കു തോന്നുന്നതാണോ? അറിവ് അവളുടെ  തലച്ചോറിൽ നിന്നുമെന്റെ കൈകളിലേക്ക് പ്രവഹിച്ചു, ഒരു യന്ത്രം പോലെയവൾ പറഞ്ഞുകൊണ്ടേയിരുന്നു. ആ നിമിഷങ്ങളിൽ അവൾ സരസ്വതിദേവിയും ഞാൻ പാമരനായ കാളിദാസനുമായി മാറി, എന്റെ കണ്ണുകൾ നിറഞ്ഞു,മുഖം വീർപ്പുമുട്ടി, ഞാൻഅനുഗ്രഹിക്കപ്പെട്ടിരിക്കുന്നു, ഉത്തരക്കടലാസുകൾ  കരകവിഞ്ഞൊഴുകി,  ഞാൻ  പതിയെ ശാന്തിയെ പുൽകി. ആത്മശാന്തിയുടെ അമൂല്യനിമിഷങ്ങൾ ഞാനറിഞ്ഞു.

പരീക്ഷ കഴിഞ്ഞു ഞങ്ങൾ പുറത്തിറങ്ങി, അവൾക്കതേ പുഞ്ചിരി തന്നെ ഞാനും ചിരിച്ചു, എനിക്കവളെയൊന്നു കെട്ടിപ്പിടിക്കുവാൻ തോന്നി,എന്റെ കണ്ണുകളെന്തിനാ ഇങ്ങനെ നിറയുന്നതെന്നെനിക്കു മനസിലായില്ല. മലയാളം പരീക്ഷയ്ക്ക് കാണാമെന്നു പറഞ്ഞു  എൽസി മിസ്സിനോടും യാത്രപറഞ്ഞു ഞാൻ സ്കൂളിന്റെ മണൽമുറ്റവും, അമ്പലപ്പറമ്പും  കഴിഞ്ഞു പടികളിറങ്ങാൻ നേരം അവളെയൊന്നു തിരിഞ്ഞു നോക്കി, രണ്ടുപേരും തിരിച്ചു പോയിരുന്നു. എനിക്ക് ചിരിവന്നു, ഞാനൊന്നുറപ്പിച്ചു ഇവളെ ഞാൻ മറക്കില്ല ....ഒരിക്കലും.

    

Sunday, May 19, 2024

ഇരുട്ടിൽ ഒരു പുണ്യാളൻ പി.എഫ്. മാത്യൂസ്

 

ഇരുട്ടിൽ ഒരു  പുണ്യാളൻ 

പി.എഫ്. മാത്യൂസ്

ഇരുട്ടിലൊരു പി.എഫ്. മാത്യൂസ്.... ഇരുട്ട്, മരണം, ചെകുത്താൻ, കാപ്പിരിയെന്ന ലോക്കൽ ചെകുത്താൻ, ഒരു കുട്ടിച്ചെകുത്താൻ തുടങ്ങി  എഴുത്തുകാരന്റെ തന്നെ അടിയാളപ്രേതം എന്ന നോവലിന്റെ വിത്തുകൾ ഇരുട്ടിൽ ഒരു പുണ്യാളനിൽ കാണാം. ആരാധകരുടെ ആത്മാവിനെ പണയം സ്വീകരിച്ചുകൊണ്ട്  ഭൗതീക സുഖം നൽകുന്ന ചെകുത്താനും അവനെ പ്രീതിപ്പെടുത്തി നേടിയ സമ്പത്തും, അടുത്ത തലമുറ അതിനെപ്പേറി അനുഭവിക്കേണ്ടിവരുന്ന അലോസരങ്ങളുമാണ് കഥാ പശ്ചാത്തലം. അച്ചമ്പിയുടെ മകൻ  സേവ്യർ, സേവ്യറിന്റെ 'അമ്മ അന്നംക്കുട്ടി, അവരുടെ മരുമകൾ കർമ്മലി,പിന്നെയൊരു എഴുത്തുകാരനും. ഇവരുടെ വാക്കുകളിലൂടെ യാഥാർഥ്യമോ, സ്വപ്നമോ, തോന്നലോ, അതോ ഭ്രാന്തുതന്നെയോ (വേണമെങ്കിൽ അങ്ങനെയും ഒരു വായനയ്ക്ക് സാദ്ധ്യതകൾ ഇട്ടിട്ടുണ്ട്)  എന്ന് തോന്നുന്ന തരത്തിൽ അയല്പക്കത്തു നടന്ന യഥാർത്ഥ സംഭവം കാണുന്ന രീതിയിൽ ഒരു മികച്ച കഥപറച്ചിൽ. ടി ഡി രാമകൃഷ്ണന്റെ കോരപ്പാപ്പനും(ഫ്രാൻസിസ് ഇട്ടിക്കോര), ബെന്യാമിന്റെ കറുത്തച്ചനും(മഞ്ഞവെയിൽ മരണങ്ങൾ) ,ഇവിടെ മാത്യൂസിന്റെ കാപ്പിരിയും ചെകുത്താനും മലയാളിയെ  അത്ര പരിചയമില്ലാത്ത  ഇരുട്ടിലെ ശക്തികളെ പരിചയപ്പെടുത്തുകയാണ് പുതിയൊരു ലോകം പുറകെവരുന്ന എഴുത്തുകാർക്കും വായനക്കാർക്കുമായി തുറന്നിടുകയാണ്. ഇതേ തീവ്രതയോടെ വിവേകാന്ദന്റെ രാജയോഗത്തിലൊക്കെ പറയുന്ന പോലെ ആത്മീയതയുടെ സുഗത്തിനെ പറ്റിയും ആൾദൈവങ്ങളല്ലാത്ത യോഗികളെപ്പറ്റിയും ആരെങ്കിലുമൊക്കെ എഴുതിയിരുന്നെങ്കിലെന്നു ആഗ്രഹിച്ചു പോകുന്നു.മനസ്സിൽ വെളിച്ചം കൊണ്ടുവരുന്ന പുണ്യാളന്മാരുടെ കഥകളും കേൾക്കണ്ടേ?

Thursday, May 9, 2024

ചോരശാസ്ത്രം‌ വി ജെ ജെയിംസ്

 ചോരശാസ്ത്രം‌

വി ജെ ജെയിംസ് 


മികച്ചകലാസൃഷ്ടി, ലളിതമായ ആവിഷ്കാരം. എന്താണ് സമ്പത്തെന്നു മൂന്ന് കഥാപാത്രങ്ങളിലൂടെ പറയാതെ പറഞ്ഞു എഴുത്തുകാരൻ. മോഷണവിദ്യയിലൂടെ സമ്പന്നനായ കള്ളൻ, വിദ്യാസമ്പാദനം ജീവിതമാക്കിയ പ്രൊഫസ്സർ, കുടുംബം നഷ്ടപ്പെട്ട പിശുക്കനായ മുതലാളി ഇവരിലൂടെ എഴുത്തുകാരൻ ജീവിതത്തെ വരച്ചിടുന്നു.

നന്മയും തിമയുമൊക്കെ ആപേക്ഷികമായ ഈ  ലോകത്തു ആപത്തുകാലത്തേയ്ക്കുവേണ്ടി  അധ്വാനിച്ചും,  ചൂഷണം ചെയ്തും, അധ്വാനിക്കാതെയുമൊക്കെയും സമ്പത്തു ശേഖരിക്കുന്ന എല്ലാരുടേയുമുള്ളിൽ ഒരു കള്ളനുണ്ട് സത്യമല്ലേ? ഇവിടെ ഞാനും നീയുമൊക്കെ മാന്യരായ കള്ളന്മാരാണ്  അപ്പോൾ നമ്മളെ പോലെയല്ലാതെ മോഷണം തന്നെ തൊഴിലാക്കിയ ഒരു സാധാരണ കള്ളന്റെ ജീവിതത്തിലെ മൂന്നുകാലഘട്ടത്തിലൂടെയാണ് വി ജെ ജെയിംസ് നമ്മളെ കടത്തിവിടുന്നത്. കായികമായി അധ്വാനിക്കുന്ന സാധാരണക്കാരായ തൊഴിലാളിയാണ് കഥയിലെ ആദ്യഭാഗത്തെ കള്ളൻ അവൻ ദരിദ്രനും ജീവിതത്തിനോട് അഭിനിവേശം ഉള്ളവനുമാണ് രണ്ടാം ഘട്ടത്തിൽ അവനു വിദ്യ ലഭിക്കുകയും അധ്വാനത്തിന് ഒരു ആശ്വാസം വരികയും സമ്പന്നനാവുകയും ചെയ്യുന്നു, മൂന്നാം ഘട്ടത്തിൽ അവൻ ജീവിതം മറക്കുകയും കേവലം ദുരാഗ്രഹിയായി പരിണമിക്കുന്നു. താൻ  എന്തിനാണ് സമ്പാദിക്കുന്നതെന്നറിയാതെ ജീവിതം എന്തെന്നറിയാതെ കൂടുതൽ കൂടുതൽ സമ്പാദിക്കുകയും അധ്വാനിക്കുകയും ഉറക്കംനഷ്ടപ്പെടുന്നവനുമായ പാവം സമ്പന്നായി കള്ളനെ കാണാൻ സാധിക്കും.

 കള്ളന്റെ  സമാന്തര പാതയിൽ തന്നെയാണ് പ്രൊഫസറും സഞ്ചരിക്കുന്നത് അദ്ദേഹം വിദ്യയാണ് സമ്പാദിക്കുന്നത് ജീവിതമെന്നാൽ ഓരോ പുതിയ വിദ്യാസമ്പാദനമാണെന്നും അതിൽ അഭിരമിച്ചു ഭ്രാന്തമായ ജീവിതാന്ത്യത്തിൽ അറിവെത്ര ക്ലേശവും ഭാരവുമാണെന്നറിയുമ്പോൾ ഒരു കുട്ടിയെപോലെയാകുവാൻ കൊതിക്കുന്ന പ്രൊഫസ്സറും ഈ ലോകത്തിലെ ബുദ്ധികൊണ്ടദ്ധ്വാനിക്കുന്ന അതിൽ അഭിരമിക്കുന്ന അതുകൊണ്ടു സമ്പത്തുമാത്രം കാംക്ഷിക്കുന്ന ജീവിക്കാൻ മറന്നുപോയ സാധാരണക്കാരെ പ്രതിനിധീകരിക്കുന്നു.

 കർക്കശക്കാരനായ  മുതലാളി പൊന്നുപോലെ രഹസ്യമായി എന്നും നോക്കി രസിക്കുന്നതു അയാൾ പിശുക്കിയുണ്ടാക്കിയ സ്വത്തല്ലെന്നും അത് അയാളുടെ നഷ്ടപ്പെട്ട കുടുംബത്തിന്റെ ചിത്രമാണെന്നും അതിന്റെ ഓര്മകളാണയാൾ  ഭദ്രമായി സൂക്ഷിച്ച നിധിയെന്നും പറയുമ്പോൾ ജീവിതമെന്നാൽ  വിദ്യയും സമ്പത്തും നേടുക മാത്രമല്ലയെന്നും അത് നമുക്കുവേണ്ടിയും കുടുംബത്തിനും സൗഹൃദത്തിനുമായി പങ്കുവെച്ചും നല്ല ഓർമ്മകൾ സമ്പാദിച്ചും (ഓർമ്മകൾ ഒരിക്കലും ഒരു ചോരനും ചോർത്താനാകില്ലല്ലോ) ജീവിതം ആസ്വദിക്കണമെന്നു പറയാതെ പറയുന്നു.    

Thursday, May 2, 2024

സമുദ്രശില സുഭാഷ് ചന്ദ്രൻ

സമുദ്രശില 

സുഭാഷ് ചന്ദ്രൻ 


അതിമനോഹരം...എന്തൊരു എഴുത്താണിത്‌, മലയാള സാഹിത്യത്തിലേക്ക് മറ്റൊരു ഹെവിവെയ്റ്റ് സംഭാവന. ഒരു പക്ഷെ വരുന്ന പതിറ്റാണ്ടുകളിൽ ഒരുപാട് ചർച്ചചെയ്യപ്പെടാൻ സാധ്യതയുള്ള പുസ്‌തകമാണിത്‌. ഓരോ വരിയും കാച്ചിക്കുറുക്കി സമയമെടുത്തെഴുതിയതുപോലെ,ഈ  അടുത്ത കാലത്തു വായന ഇത്രമാത്രം ആസ്വദിച്ച ഒരു പുസ്തകമില്ല. എഴുത്തുകാരൻ തന്റെ അനുഭവങ്ങളുയിലൂടെയും അവൻ കണ്ടതും ഭാവനകൊണ്ടതുമായ സ്ത്രീകളെ മനസിലാവാഹിച്ചു നടത്തിയ ഒരു സ്ത്രീപക്ഷാഖ്യനമാണ് എന്നിട്ടും ഒരു സ്ത്രീയെ കേൾക്കുന്നപോലെയുള്ള വായനാനുഭവം നൽകുവാനായി എന്നാൽ ചിലയിടങ്ങളിൽ സ്വാഭാവികമായും എഴുത്തിലെ  ലൈംഗീക സംബന്ധിയായ സന്ദർഭങ്ങളിൽ ആ ഒരു കയ്യടക്കം നഷ്ടപ്പെട്ട പോലെ തോന്നിച്ചു പ്രത്യേകിച്ചും മനസ്സിൽ തീകോരിയിടുന്ന തരത്തിലുള്ള കഥാന്ത്യത്തിൽ എഴുത്തുകാരന്റെ പുരുഷ ചിന്തകൾ ആയിരിക്കാം അംബയെ അങ്ങനെ അവസാനിപ്പിക്കാൻ കാരണം. അംബയെന്ന കഥാപാത്രവും ഉപാധികളില്ലാത്ത സ്നേഹം എന്ന ആശയവും വളരെമികച്ച സാഹിത്യാനുഭവവും തന്ന എഴുത്തുകാരനു നന്ദി.

Monday, April 15, 2024

പൊനം കെ.എൻ.പ്രശാന്ത്

 പൊനം 

കെ.എൻ.പ്രശാന്ത് 


തുടക്കവും ഒടുക്കവും ഇല്ലാത്ത പകയുടെയും പച്ച മനുഷ്യരുടെയും കഥ. ചിരുത, പാർവതി,രമ്യ, ശേഖരൻ, മാലിങ്കൻ, ഗണേശൻ തുടങ്ങിയ മികച്ച കഥാപാത്ര സൃഷ്ടികൾ, എന്നാൽ കേന്ദ്ര കഥാപാത്രമാകുമെന്നു തോന്നിപ്പിച്ച മാധവന്റെ കഥയും, ക്ളീഷേ പോലെ ആയിപ്പോയ കഥാകാരന്റെ ചരിത്രവും, കഥാപാത്ര സൃഷ്ഠിയും മറ്റൊരു തലത്തിൽ എത്തേണ്ട കഥയെ എങ്ങുമെത്താതെ എവിടെയോ ഉപേക്ഷിച്ചു തീർത്ത പോലെ തോന്നി. ഒരേ സ്വഭാവമുള്ള, മൂന്നു തലമുറ സ്ത്രീകളെ നന്നായി വരച്ചിട്ടപ്പോൾ(അത്രയും സ്ത്രീകളിൽ മാത്രം ഒതുങ്ങി പോകുന്നുമുണ്ട്) പുരുഷ കഥാപാത്രങ്ങൾക്കും ഏതാണ്ട് ഒരേ ഛായയും കരുത്തും നൽകരുതായിരുന്നു എന്ന് തോന്നി അവിടെ കഥാപാത്ര വൈവിധ്യത്തിന്റെ സാദ്ധ്യതകൾ ഉണ്ടായിട്ടും ഉപയോഗപ്പെടുത്താത്തപോലെ തോന്നി. എന്നിരുന്നാലും കരിമ്പുനത്തെ വായനക്കാരന് കാടുകയറാൻ വിട്ടുതന്നിട്ടാണ് നോവൽ അവസാനിപ്പിക്കുന്നത്, വായിച്ചൊരാഴ്ച കഴിഞ്ഞിട്ടും കരിമ്പുനം ഒരു നായകനെ തേടുകയാണ് അങ്ങിനെ ഒരു നായക സൃഷ്ടിയുടെ അഭാവം വായനയിൽ പ്രകടമായി തോന്നുന്നുണ്ട്.

വിലായത്ത് ബുദ്ധ ജി ആർ ഇന്ദുഗോപൻ

 വിലായത്ത് ബുദ്ധ      

ജി ആർ ഇന്ദുഗോപൻ

ഒരു വലിയ കഥയെ  ചെറിയൊരു നോവലിലേക്കൊതുക്കി(വളർത്തി) തടിയിൽ മുഴുവൻ കാതലുള്ള ലക്ഷണമൊത്ത ചന്ദനമരംപോലെ ഒരു വിലായത്ത് ബുദ്ധ പോലൊരു നോവൽ. കയ്യടക്കം, ലാളിത്യം എഴുത്തിലെ അച്ചടക്കം ഇന്ദുഗോപൻ ഇവിടെയും തെറ്റിക്കുന്നില്ല. നായകനും വില്ലനും എന്ന സാധ്യതയെ ഓരോ ഫ്ലാഷ് ബാക്കിലൂടെ കടന്നു പോകുമ്പോഴും ഇനി ഞാൻ നായകൻ നീ വില്ലൻ എന്ന കണക്കെ മാറ്റിമറിക്കുന്നു. ശക്തരായ ആണുങ്ങളും പെണ്ണുങ്ങളും അവരുടെ  കാച്ചിക്കുറുക്കിയ സംഭാഷണങ്ങൾ   അതിലൊളിപ്പിച്ച കാതലുള്ള ജീവിത സത്യങ്ങൾ ഇതെല്ലം ഒരു സിനിമ കാണുന്ന പോലെ എഴുതി വെച്ച ഇന്ദുഗോപൻ മാജിക്.


ഫ്രാൻസിസ് ഇട്ടിക്കോര. ടി ഡി രാമകൃഷ്ണൻ

 ഫ്രാൻസിസ് ഇട്ടിക്കോര.

ടി ഡി രാമകൃഷ്ണൻ 

 മലപ്പുറം കത്തി, കോടാലി, അമ്പും വില്ലും,  പിന്നെ ജാലിയൻ കണാരൻ ലെവൽ ബോംബ് കഥയും. അങ്ങനെ ആളെക്കൊല്ലലും  പീഡിപ്പിക്കലുമൊക്കെയായി ആസ്വദിച്ചു എഴുതി പൊലിപ്പിച്ചു വച്ചിട്ടുണ്ട് . കിളിപ്പാട്ട് രാമായണം കോരപ്പൻ എഴുതി എന്നും കൂടെ പറയും എന്ന് തോന്നി ഒരു ഘട്ടത്തിൽ പക്ഷേ അങ്ങനെ പറഞ്ഞില്ല പാവം എഴുത്തച്ഛൻ രക്ഷപ്പെട്ടു 🤦‍♂️, പിന്നെ മോശം പറഞ്ഞു കൂടാ തള്ളലെല്ലാം സഹിച്ചു നമ്മൾ വീണ്ടും വായിക്കും സംഭവം ഫിക്ഷൻ അല്ലെ പിന്നെ ആണ്ടാൾ ദേവനായകി  ഒക്കെ വായിച്ചു എഴുത്തുകാരനെ ഒരുപാടിഷടപ്പെട്ടും പോയി. ഇറാക്കിൽ തുടങ്ങി കുന്നംകുളവും കടന്നു യൂറോപ്പും ഇടയ്ക്കു അഞ്ഞൂറ് കൊല്ലം പുറകോട്ടും ഒക്കെ ഗട്ടർ റോഡിലൂടെ സസ്പെന്ഷന് ഇല്ലാത്ത വണ്ടി ഓടിക്കുന്ന പോലെ വായന ഒരു വശത്തുകൂടെ അങ്ങനെ പോകും. എഴുത്തുകാരനിൽ നിന്നും ഒരുപാട് പ്രതീക്ഷിച്ചതു കൊണ്ടാണോ എന്നറിയില്ല... ആസ്വദിച്ചു ഇടക്കൊക്കെ...  പക്ഷെ എനിക്കിതൊരു മോശം വായനാനുഭവം ആയിരുന്നു. 


സൂര്യവംശം മേതിൽ രാധാകൃഷ്ണൻ

 സൂര്യവംശം

മേതിൽ രാധാകൃഷ്ണൻ

ശീലമില്ലാത്ത കടുത്ത വാക്കുകളിൽക്കൂടി  മുഷിഞ്ഞു തുടങ്ങിയ വായന, പക്ഷെ അടച്ചുവെക്കാൻ തോന്നിയതുമില്ല,  അങ്ങിനെ പതിയെ സമയമെടുത്ത് ഓരോവരിയിലൂടെയും ഒന്ന് രണ്ടുവട്ടം ആലോചിച്ചും (അതിനുള്ള വകുപ്പ് വരികളിൽ ഒളിപ്പിച്ചിട്ടുണ്ട്)ആസ്വദിച്ചും പതിയെ കത്തികയറി തുടങ്ങും, ഏതാണ്ട് പകുതിയാകുമ്പോൾ ചക്രപാണിയുടെ വക ഒരു ട്വിസ്റ്റുണ്ട്, നായകന്റെ ട്രാൻസ്ഫോർമേഷനുണ്ട്  അവിടെ മുതൽ വായനക്കാരൻ ഏതാണ്ട് ബ്ലാക്ക്ഹോളിൽ അകപ്പെട്ട പ്രതീതിയാണ്, അവിടെ സമയവും , ആദ്യവും അന്ത്യവുമെല്ലാം പൊളിച്ചെഴുതുകയാണ്,നഷ്ടബോധവും പാപഭാരവും കോപവും പേറിയ നായകന്റെ ഭ്രാന്തമായ ഉന്മാദാവസ്ഥ വായനക്കാരനിൽ അതെ ഇമ്പാക്റ്റിൽ സൃഷ്ടിക്കാനായിരിക്കണം സാഹിത്യവും ഒരല്പം നാടകീയമായും ഭ്രാന്തമായും നോവലിലുടനീളം ഉപയോഗിച്ചിരിക്കുന്നത് .നോവലിലെ സംഭാഷണങ്ങൾ ഫിൽറ്റർ ചെയ്ത വാക്കുകളായല്ല  ശബ്ദമുള്ള ചിന്തകളായാണ് പ്രയോഗിച്ചിരിക്കുന്നതു . കറുത്ത ദൈവത്തെ പറ്റി, സൂര്യവംശത്തെപറ്റി, നമ്മളെ പറ്റിയെല്ലാം പറയുന്ന ഖണ്ഡികകൾ(ഫിലോസഫി) എഴുത്തിന്റെ, വായനയുടെ തീവ്രമായ  ഉന്മാദം വായനക്കാരനു നൽകുന്നു.. എഴുത്തിനെ മറ്റൊരു തലത്തിൽ ആസ്വദിക്കാൻ, പ്രണയിക്കാൻ പഠിപ്പിച്ച എഴുത്തുകാരനോട് ആരാധനയും, നന്ദിയും.

Wednesday, July 22, 2020

ചാമ്പപ്പൂ

ചാമ്പപ്പൂ 

തണുപ്പായിരുന്നു ആ വൈകുന്നേരത്തിനു. ഓഫീസിൽ തിരക്കൊഴിഞ്ഞ സമയം.  ആരെയും കൂസാക്കണ്ട. ഇനി സർ മുകളിലേക്കു കേറി വരില്ല. അതോണ്ട് തന്നെ ശിഷ്യഗണങ്ങളെല്ലാം സന്തോഷത്തിലാണ്, ഇന്നു സാറിന്റെ സ്‌ഥിരം വേദോപദേശം കേൾക്കേണ്ട. അല്ലങ്കിൽ ഓഫീസ് സമയം കഴിഞ്ഞാലും ഞങ്ങൾ കുറച്ചു ഇരകൾ ഉണ്ട്, അവസാന  ക്ലയിണ്ട് പോകുന്ന വരെ ഓഫീസിൽ കാത്തു നിൽക്കേണ്ട കുറച്ചുപേർ. ഇനി പോകാന്നു കരുതിയാലോ.. കഥപറയുന്ന സമയം!അസ്സൽ വേദോപദേശം!. ഓഫീസിന്റെ ഏതാണ്ട് എൺപതു ശതമാനവും  സീറ്റിൽ തന്നെ ഇരുന്നു കാണാൻ കഴിയുന്ന ചില്ലു മറയുള്ള സാറിന്റെ മുറിയാണ് കുരുക്ഷേത്ര ഭൂമി! ഇവിടെവെച്ചാണ് ജീവിതത്തിൽ ആദ്യമായി ഒരു ഗുരുവിനോട് ശബ്ദം ഉയർത്തി സംസാരിച്ചത്. ആ നശിച്ച ഓർമ കുടിയിരിക്കുന്ന സ്‌ഥലം!

ചോരത്തിളപ്പിൽ ഗുരുനിന്ദ ആഘോഷമാക്കിയ യൗവനത്തിന്റെ ആരംഭ കാലം. ഒന്നു രണ്ടു പ്രാവശ്യം ആവർത്തിച്ചപ്പോൾ കൺവെട്ടത്തുപോലും കാണാതിരിക്കാനായിരിക്കും, സാറിന്റെ സീറ്റിൽ ഇരുന്നാൽ കാണാൻ കഴിയാത്ത ഓഫീസിന്റെ ഒരു കോണിലേക്ക് സ്‌ഥലം മാറ്റം തന്നത്. അതിനൊരു പേരും കിട്ടി "മുക്കറാൻജി മൂല". പേരുകേട്ട റിട്ടേനുകളോ ഓഡിറ്റുകളോ ഒന്നുമില്ല  എന്റെ ടേബിളിൽ. അലസന്റെ എല്ലാ സവിശേഷതയും അലങ്കാരമായി കൊണ്ടുനടക്കുമ്പോഴാണ് കൂനിന്മേൽ കുരു പോലെ ഒരു പ്രണയം കൂടി മനസ്സു ഭരിക്കാൻ തുടങ്ങുന്നത്. ഒരു കാമുകന് ചേരുന്ന സ്വഭാവ സവിശേഷതയോ ആകാരമോ ഒന്നും ഇല്ലാതിരിന്നിട്ടും എങ്ങനെയോ ഒരു പ്രണയവും കടന്നുകൂടി കുറച്ചുനാളുകളായിട്ട്. ആദ്യകാമുകിയെയും സ്വപ്നം കണ്ടുകൊണ്ട് കുറച്ചു പഴകിയ കറങ്ങുന്ന കസേരയിൽ ഇരുന്നു, ആര്ഭാടമായിത്തന്നെ.

ഓഫീസിനോട് ചേർന്നു ഒരു ചാമ്പ നിപ്പുണ്ട്, രണ്ടു പേർ കൈകോർത്തു കെട്ടിപ്പിടിച്ചാലും എത്താത്ത തടിയൻ ചാമ്പ. വീടിന്റെ മുകളിൽ രണ്ടു നിലകളിലായുള്ള ഓഫീസിന്റെ കുടയാണ് ഈ മുത്തശ്ശി. ചാമ്പ പൂത്ത കാലം മനസിൽ പ്രണയവും പൂത്തുലഞ്ഞു...കാമുകിയെ ഇന്നെന്തായാലും  കാണാനാവില്ല, ഔട്ട് ഓഡിറ്റ് ആണ്, അത് കഴിഞ്ഞു നേരെ വീട്ടിലേക്കു പോകുമെന്നാ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. പക്ഷെ സുഖമുള്ള ആ ഇരുപ്പവസാനിപ്പിക്കാൻ തോന്നിയില്ല. രണ്ടാം നിലയിലെ ഓഫീസിന്റെ ജനാലയിലൂടെ പൂത്തുലഞ്ഞ ചാമ്പയും നോക്കി തണുത്ത ആ വൈകുന്നരം അസ്വദിച്ചിരിക്കുമ്പോഴാണ് പുതിയ കുട്ടികളുടെ ശബ്ദം ശ്രെദ്ധിക്കുന്നത്. മൂന്നാം നിലയിൽ നിന്നാണ്. പുതിയ അഡ്മിഷ്നാണ്. എല്ലാം പെണ്കുട്ടികൾ... സുന്ദരികുട്ടികൾ. ഇടുക്കിപിള്ളേർ എന്നാണ് ഞങ്ങൾ വിളിക്കുന്നത്. പക്ഷേ മിക്കവരും എറണാകുളത്തെ കിഴക്കൻ മേഖലയിൽ നിന്നാണ്. സാറുള്ള ദിവസങ്ങളിൽ ഇവരുടെ ഒച്ച കേൾക്കാറേയില്ല. പുതിയ കുട്ടികൾ വരുമ്പോഴുള്ള പതിവ്! സീനിയർ കുട്ടികൾ സാറിന്റെ ചൂടൻ പെരുമാറ്റത്തെ പറ്റി ഒക്കെ ഒരു ധാരണ ജൂനിയർ കുട്ടികൾക്ക് കൊടുത്തിരിക്കും. എന്നാൽ അദ്ദേഹത്തിന്റെ നല്ല വശം ആരും പറഞ്ഞു കൊടുക്കുന്നത് കേട്ടിട്ടില്ല. കുരുക്ഷേത്ര കാബിനിൽ കയറിയാൽ കരയാതെ പുറത്തിറങ്ങിയ പെണ്കുട്ടികളുണ്ടോ എന്നതുമൊരു ചോദ്യമായിരുന്നു. പക്ഷെ അന്ന് എല്ലാവരും വളരെ ഉത്സാഹത്തിലായിരുന്നു. വെള്ളിയാഴ്ച  വൈകുന്നേരങ്ങളിൽ മാത്രം കാണുന്ന ഒരു സന്തോഷം. എല്ലാരും ചാമ്പയ്ക്ക പറിക്കാൻ കേറിയതാ മൂന്നാം നിലയിൽ, കയ്യെത്തിച്ചാൽ കിട്ടും നല്ല പഴുത്തു ചുവന്ന ചാമ്പ. കയ് നിറയെ ചാമ്പയ്ക്കയുമായി ഉച്ചത്തിൽ പടികൾ ചവിട്ടിയിറങ്ങി വരികയാണ് പെൺകൂട്ടം. ആരോ ഒരാൾ എന്റെ തലക്കു മുകളിലൂടെ ഒരു ചാമ്പ എറിഞ്ഞു ടേബിളിൽ ഇട്ടു നടന്നു പോയി. ബാഗു പാക്ക് ചെയ്തു പോകാനുള്ള ഒരുക്കമാണെന്ന് തോന്നുന്നു. ഇനി ഇരുന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്നു കരുതി പോകാൻ തുനിയുമ്പോഴാണ് പരിചയമുള്ള ഒരു സുഗന്ധം മൂക്കിലൂടെ തുളച്ചു കയറിയത്. ഇതെനിക്ക് ഏറ്റവും പ്രിയപെട്ട പെർഫ്യൂം ഗന്ധമാണ് കുറച്ചു നാളുകളായിട്ട്. പക്ഷേ വരില്ലെന്നാണല്ലോ അറിഞ്ഞേ. ഹൃദയമിടിപ്പ് പതിയെ ഉയർന്നു. ഇതും ഒരു ശീലമായിപ്പോഴീ ഹൃദയമിടിപ്പിന്റെ ഉയർച്ചകൾ.
 സൗഹൃദം ഒരു വശത്തു പ്രണയത്തിലേക്ക് കടക്കുന്നുവെന്നു മനസിലാക്കിയപ്പോ ആദ്യം ഉപദേശിച്ചു നോക്കി, ഇപ്പൊ അവഗണിച്ചു നോക്കിക്കൊണ്ടിരിക്കുന്ന സമപ്രായക്കരിയായ, ആവശ്യത്തിന് വിവേകമുള്ള ആ പെണ്കുട്ടിയുടെ സുഗന്ധം. മണം പിടിച്ച നായ കണക്കെ തലയുയർത്തി നോക്കി. അതേ ആള് വന്നിരിക്കുന്നു. ലക്ഷണം കണ്ടിട്ട് ഇത്ര നേരം മുകളിൽ കുട്ടികളുടെ ഒപ്പം ഉണ്ടായിരുന്നു എന്നു തോന്നുന്നു. കുറച്ചു നാളുകൾക്കു മുൻപായിരുന്നെങ്കിൽ വന്നൊരു ഇടി തന്നിട്ട് എന്തേലും കുശലം പറയുമായിരുന്നു. എല്ലാം നശിപ്പിക്കാനായിട്ടൊരു പ്രണയം! നാണമില്ലാത്തത് കൊണ്ടു വീണ്ടും  എന്തേലും കുശലംപറയാം  എന്നു കരുതി സീറ്റിൽ നിന്നും പതിയെ എണീറ്റു നോക്കുമ്പോൾ, ജീവനും കൊണ്ടും ഓടുന്ന പോലെ ചവിട്ടു പടികൾ ഇറങ്ങി ഒരു കണക്കിന് കൂട്ടത്തിൽ നിന്നും തൻറെ ചെരിപ്പു തപ്പിയെടുത്തു ഓഫീസിൽ നിന്നും ഇറങ്ങിയിരുന്നു എന്റെ കക്ഷി. തിടുക്കപ്പെട്ട് പുറകെ പായുവാൻ മനസ്സു വെമ്പി. പക്ഷെ പോയില്ല. വീണ്ടും വന്നു സീറ്റിലിരുന്നു, റോഡ്‌ ക്രോസ്‌ ചെയ്യുന്നവരേയുള്ള അവളുടെ ചലനം കണ്ണുകളിൽ ഒപ്പിയെടുത്തുകൊണ്ടു  കാഴ്ചകളിലേക്കു കണ്ണോടിച്ചു. 
കടും റോസ്നിറത്തിൽ പൂത്ത ചാമ്പപ്പൂക്കൾ... ആ കാഴ്ച്ച മനസ്സിന്റെ അഭ്രപാളികളിൽ മായാത്ത ചിത്രമായി പരിണമിക്കുകയായിരുന്നു. 

ഗുരുപൂജ്യരോടെറ്റുമുട്ടി ആകാലമൃത്യു പൂകിയ അഭിമന്യുവിന്റെ ഭാവിയായിരിന്നു എന്റെ പ്രണയത്തെത്തും കാത്തിരിക്കുന്നതെന്ന ക്രാന്ത ദർശനമൊന്നും  എന്റെ ചിന്തകളിൽ പോലും ഇല്ലായിരുന്നു... എന്നിട്ടും അതിസുന്ദരമായിരുന്ന ആ സായാഹ്നവും വിഷാദത്തിൽ അസ്തമിച്ചു.

തക്ഷൻകുന്ന് സ്വരൂപം

 തക്ഷൻകുന്ന് സ്വരൂപം  യു വി കുമാരൻ  കേട്ടറിഞ്ഞ കഴിഞ്ഞ കാലത്തേക്കുള്ള ടൈം ട്രാവലായിരുന്നു  തക്ഷൻകുന്ന് വായന, യഥാർത്ഥത്തിൽ അതൊരു വായനയായി ഇപ്പ...

old posts