Tuesday, May 28, 2024

സ്ക്രൈബ്

 സ്‌ക്രൈബ് 


പരീക്ഷാ ദിനം, നട്ടുച്ചച്ചൂടിൽ മഞ്ഞവെയിൽ കൊണ്ടു സ്വര്ണ്ണനിറം വന്ന അമ്പലപ്പറമ്പിനപ്പുറം ഞങ്ങളുടെ പഴയ പ്ലസ്ടു സ്കൂളിന്റെ മുൻപിൽ ഞാൻ ബസ്സിറങ്ങി.  ഒരു കുട്ടിക്കുവേണ്ടി  പരീക്ഷയെഴുതണമെന്ന്  കഴിഞ്ഞയാഴ്‌ച ടീച്ചർ വിളിച്ചു പറഞ്ഞിരുന്നു. കഴിഞ്ഞ വര്ഷവും വിളിച്ചിരുന്നു, പോയി പണികഴിച്ചു പോന്നു, റിസൾട് വന്നു, വിജയം, സമ്മാനങ്ങൾ, ഒരു കുടുംബത്തിന്റെ മുഴുവൻ നന്ദി അവർ വീട്ടിൽ വന്നു പറഞ്ഞു, സന്തോഷത്തിന്റെ കുറച്ചു വിഷമനിമിഷങ്ങൾ, എന്റെ മാതാപിതാക്കളുടെ കണ്ണിൽ കണ്ട അഭിമാനത്തിരത്തിളക്കം, ഒരു പുതിയ സൗഹൃദം കിട്ടിയതിന്റെ സന്തോഷം എനിക്കും. 

മലയാളം പരീക്ഷയും, ഇക്കണോമിക്സ് പരീക്ഷ മലയാളത്തിലെഴുതലുമാണ് എന്റെ ഡ്യൂട്ടി. കഴിഞ്ഞ വർഷം ആ സ്കൂളിന്റെ തന്നെ അഭിമാനമായ ഒരാൺകുട്ടിക്കു വേണ്ടിയായിരുന്നു എഴുതേണ്ടിയിരുന്നത് അന്നെനിക്ക് പ്രത്യേകിച്ചൊന്നും ചെയ്യേണ്ടി വന്നില്ല അവൻ പറയുന്നതിന്റെയൊപ്പം എഴുതിയാൽ മതിയായിരുന്നു. അവന്റെ പറച്ചിലിനൊപ്പം എന്റെ എഴുത്തെത്തുമ്പോൾ കയ്യക്ഷരം തനി സ്വഭാവം പുറത്തെടുക്കും, അവനാണെങ്കിൽ വിഷമമുണ്ടെങ്കിലും അതു കാണിക്കാതെ സാരമില്ല ചേട്ടാ, എഴുതിക്കോളൂന്ന് പറഞ്ഞിട്ട് ഉത്തരങ്ങൾ കൃത്യമായി പറഞ്ഞുതന്നുകൊണ്ടേയിരിക്കും, അല്ലാതെ ആ പാവം വേറെന്തു ചെയ്യാൻ.  മലയാളം ഇഷ്ടമാണെങ്കിലും എന്റെ കയ്യക്ഷരം എനിക്കു തന്നെ ഇടയ്ക്ക് മനസ്സിലാകാറില്ല  . മലയാളം ക്ലാസ്സിലെ ഒന്നും രണ്ടും റാങ്കുകാരെ കിട്ടാതെ വന്നപ്പോൾ കയ്യക്ഷരം മോശമായിരുന്നിട്ടും ഇവനെങ്കിലിവൻ എന്നുകരുതി ടീച്ചർ ഒരുകണക്കിന് ആളെയൊപ്പിച്ചതാകാമെന്നു സ്വയമാശ്വസിച്ചു രണ്ടു പരീക്ഷയും ഞാൻ തന്നെ പോയിട്ടെഴുതിവന്നു. 

ഈ വർഷവും അതെ വിഷയങ്ങൾ തന്നെ, പക്ഷെ ടീച്ചർ വിളിച്ചപ്പോൾ ഒരുകാര്യം എടുത്തു പറഞ്ഞു,  ഡാ നിനക്ക് ഇക്കണോമിക്സ് വല്ലതും ഓര്മയെണ്ടാ? ഇല്ലേൽ ഒന്ന് തുറന്നു നോക്കട്ടാ.. പുസ്തകം കയ്യിലില്ലേൽ  നീ കോളേജീന്നു വരുന്ന വഴി ഇവിടെ വന്നാമതി. പുസ്തകമൊക്കെ കയ്യിൽ തന്നെയുണ്ട് പക്ഷെ സ്ക്രൈബ് എഴുതാൻ ഞാനെന്തിനാ പഠിക്കണേ? ആ കൊച്ചു പറയണതെഴുതിയാ പോരെ? അതൊക്കെ മതി, പക്ഷെ അവൾ എപ്പോഴും പറയണമെന്നില്ല, അവളൊരു സ്പെഷ്യൽ ചൈൽഡ് ആടാ, കഴിഞ്ഞപ്രാവശ്യം സൂര്യന് പരീക്ഷ എഴുതിയ പോലെയല്ല.  ഇവൾ പഠിക്കും, എല്ലാം മനസിലാക്കുകയും ചെയ്യും പക്ഷെ നമ്മളോട് പറയണമെങ്കിൽ അവൾക്കുകൂടി തോന്നണം, പിന്നെ എഴുതാൻ നല്ല ബുദ്ധിമുട്ടാണ്. അത് സാരമില്ല, ഞാൻ പറഞ്ഞെന്നേയുള്ളൂ നീ അവൾ പറയുന്നത് മാത്രം എഴുതിയാൽമതി കേട്ടല്ലോ?!

സ്ഥിരം ചോദ്യമായ ജി.ഡി.പി കാൽകുലേഷൻ പണ്ടെങ്ങോ കാണാതെ പഠിച്ചത് കൊണ്ട് പാസ്സ്മാർക്ക് കിട്ടാനതുതന്നെ  ധാരാളമാണെന്നറിയാമായിരുന്നു.  ആത്മവിശ്വാസവും അഹങ്കാരവും തമ്മിലുള്ള വെത്യാസം അപ്പോഴും മനസിലാക്കിയിട്ടില്ലാത്ത ഞാൻ പ്രത്യേകിച്ചൊന്നും തുറന്നു നോക്കാൻ നിന്നില്ല. കോളേജിൽ രണ്ടു ദിവസം ലീവ് വാങ്ങിച്ചു. ലീവിന്റെ റീസൺ കേട്ടു ടീച്ചർമാർക്കൊക്കെ എന്തോ മതിപ്പു തോന്നിയെന്നെനിക്കു തോന്നി !!

മലയാളം പരീക്ഷ മാറ്റിവച്ചതിനാൽ എനിക്കാദ്യം എഴുതേണ്ടത് എക്കണോമിക്സ് ആയിരുന്നു. ഞാനെത്താൻ കുറച്ചു വൈകിയതിനാൽ സ്കൂളിന്റെ വരാന്തയിൽത്തന്നെ ഞങ്ങളുടെ പഴയ ഓക്സിജൻ സപ്പ്ളയർ ആൽമരത്തിനോട് ചേർന്ന്എന്നെയും കാത്ത്‌ കക്ഷി നിൽപ്പുണ്ടായിരുന്നു കൂടെ എൽസി മിസ്സിനെ കൂടെ കണ്ടപ്പോൾ ആളെ തിരിച്ചറിഞ്ഞു. വെളുത്തു മെലിഞ്ഞ ചന്ദനക്കുറിയണിഞ്ഞ ഒരു സുന്ദരിക്കുട്ടി ഇവൾക്കെന്തു കുഴപ്പം? ഞാൻ ചിന്തിച്ചു. മിസ്സ്‌ പേര് പറഞ്ഞു പരിചയപ്പെടുത്തി ഇത് റിനു മരിയ, ഞാൻ ആശ്ചര്യപ്പെട്ടു ചന്ദനക്കുറിയണിഞ്ഞ മേരികുട്ടി കൊള്ളാലോ!. പരീക്ഷാ മുറി കാണിച്ചുതന്നിട്ട്  അവളോടെന്തോ കാര്യമായി പറഞ്ഞിട്ട് മിസ്സ് നടന്നുപോയി. അവൾ എന്നെ നിരീക്ഷിക്കുകയാണോ? ഞാൻ നോക്കിയാൽ അവൾ പെട്ടെന്നു കണ്ണെടുക്കും വേറെയെങ്ങോട്ടോ നോക്കുന്ന പോലെ ഭാവിക്കും, അവൾക്കെല്ലാമൊരു കളിപോലെ തോന്നി .ഞങ്ങൾ ഹാളിലേക്ക് കേറി, പരീക്ഷ തുടങ്ങി, ഞാൻ വിദ്യാഗോപാല മന്ത്രവും സരസ്വതി സ്തുതിയും   മനസ്സിൽ ചൊല്ലി. ചോദ്യപേപ്പർ കിട്ടിയതും കുരിശുവരച്ചിട്ട്   അതൊന്നോടിച്ചുനോക്കിയതും  അവളുടെ മുഖം വാടി. എന്നിട്ടെന്നെനോക്കി പതിയേ  പറഞ്ഞു... ചേട്ടാ എനിക്കിതൊന്നും അറിയാൻ പാടില്ല, കൂടെ ഒരു പുഞ്ചിരിയും.

 (ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നു), സാരമില്ല നമുക്കോർത്തു നോക്കാം, ഞാൻ പറഞ്ഞു. ചോദ്യപ്പേപ്പർ ഞാനൊന്നോടിച്ചു നോക്കി, ഭാഗ്യം ജിഡിപി കാൽക്കുലേഷനുണ്ട് , നിസ്സംഗത വക്രത്തെപറ്റിയൊരു ചോദ്യവുമുണ്ട് "ജയിക്കാനുള്ള വകുപ്പുണ്ട്  മേരിക്കുട്ടീ, നീ പേടിക്കണ്ട നമ്മളെന്തായാലും തോൽക്കില്ല" ഞാൻ മനസ്സിൽ പറഞ്ഞു. അവൾ പരീക്ഷയെ ഒട്ടും ശ്രെദ്ധിക്കുന്നില്ലായിരുന്നു, മറ്റുകുട്ടികൾ എഴുതുന്നതു ശ്രെദ്ധിച്ചും  ഇന്വിജിലേറ്ററെയും ഇടയ്ക്കെന്നെയും നോക്കി ക്ലാസ്സിലിരുന്നു. സമയം ഞങ്ങളെ ശ്രെദ്ധിക്കാതെ അതിന്റെ പാട്ടിനും പോയി. അരമണിക്കൂറങ്ങിനെ പോയിട്ടുണ്ടാകും ഞാൻ വീണ്ടും ചോദിച്ചു നമുക്കെഴുതിയാലോ? എന്തേലും ഓർമ്മ വന്നാ? അവൾ ഇല്ലന്ന് ഒരംകോച്ചി.

 ഇനി കാത്തിരുന്നിട്ട് കാര്യമില്ല മരിയ എന്തെങ്കിലും പറയുമെന്ന് വിചാരിച്ചു സമയം കളയണ്ട,  ജയിക്കാനുള്ളതെന്തേലും എഴുതിവെക്കാം. ആദ്യ പതിനാറു ചോദ്യങ്ങൾ  ഏകദേശ ധാരണ വെച്ച്  എഴുതിയാൽ തന്നെ ജയിക്കാനുള്ള മാർക്ക് കിട്ടും ബാക്കിയെന്തേലും ഓർമയിൽ നിന്നും എടുത്തെഴുതാം, അവൾക്കുമതു സന്തോഷമാകുമെന്നു കരുതി ഞാനെഴുതാൻ തുടങ്ങി. ഉടനവൾ ഉത്തരക്കടലാസ് തന്റെ നേർക്ക് വലിച്ചു, എന്റെ എഴുത്തു തടഞ്ഞു, എന്നിട്ടെന്നെയും   ഇന്വിജിലേറ്ററെയും മാറിമാറി നോക്കി. ഇത് തെറ്റല്ലേയെന്ന ധ്വനിയായിരുന്നു  ആ നോട്ടത്തിന് . ഈശ്വരാ  ഇതെന്തു പരീക്ഷണം ഇനി ഞാനായിട്ടെന്തേലും എഴുതിയാൽ തന്നെ ഇവൾ അത് ഇന്വിജിലേറ്ററോട് പറയുമെന്നു തീർച്ച. പരീക്ഷയെങ്ങാൻ തോറ്റാൽ ഓർക്കാൻ വയ്യ... ഞാൻ ധർമ്മസങ്കടത്തിലായി.

 ഇൻവിജിലറ്റർ ഞങ്ങളെ കുറച്ചു നേരമായി ശ്രെദ്ധിക്കുന്നുണ്ടായിരു അവർ ഞങ്ങളുടെ  അടുത്തുവന്നു ചോദിച്ചു ഇയാളുടെ അനിയത്തിയാണോ? ഞാൻ അല്ലെന്നു തലയാട്ടി. ഞാനപ്പോഴാ ശ്രദ്ധിക്കുന്നത്, അതെ ഇവളെൻറെ അനിയത്തിയെ പോലെ തന്നെയാണല്ലോ, കാഴ്ച്ചയിൽ അറിയാതൊരാൾ നോക്കിയാൽ അങ്ങനെയേ തോന്നൂ.അകാരണമായി എന്റെ തൊണ്ടയിൽ ദുഖവും വേദനയും ചേർന്നൊരു സംഗതി രൂപപ്പെട്ടു എനിക്കു വിഴുങ്ങാൻ കഴിയാതെ അതവിടെയിരുന്ന് വിങ്ങുവാൻ തുടങ്ങി.എനിക്ക് പറഞ്ഞു തരുവോ എന്റെ ശബ്ദം പതറിയിരുന്നു. അവളെന്നെ നോക്കി പുഞ്ചിരിച്ചു, എന്നിട്ടെന്റെ കയ്യിൽ നിന്നും പേന വാങ്ങി ഉത്തരക്കടലാസ്സിലെന്തോ എഴുതുവാൻ ശ്രെമിച്ചു എന്നിട്ടൊരുപാട് സമയമെടുത്ത് ഒരുചോദ്യത്തിനുത്തരമെഴുതി.

നമ്പർ 16.ഇന്ത്യൻ റെയിൽവേ 

ഞാൻ പേന തിരിച്ചു വാങ്ങി. എന്നിട്ടൊന്നൂടെ പറഞ്ഞു, മോളെ നമ്മളിതുവരെ  ഒന്നും എഴുതിയില്ല,  ഇനി പകുതി സമയമേയുള്ളൂ. അവൾ എഴുതിയ ഉത്തരത്തിൽ ഒന്ന് തൊട്ടു എന്നിട്ടെന്നെനോക്കി മനസ്സിൽ പറഞ്ഞു "ആര് പറഞ്ഞു ഒന്നും എഴുതിയില്ലാന്ന്, ഇവിടെ നോക്ക്" വീണ്ടും പഴയ ചിരി. ഞാൻ വാച്ചിൽ നോക്കി,സമയം ഓടിപ്പോകുന്നപോലെതോന്നുന്നു. എന്റെയുള്ളിൽ എന്തൊക്കെയോ ഉരുണ്ടുകൂടുന്നപോലെ, ആകെയൊരു മഞ്ഞമയം, കണ്ണിൽ ഇരുട്ടുകേറുവാണോ? ദൈവമേ ഞാൻ തലകറങ്ങി വീണുപോകുമോ? എന്റെ ചിന്തകൾക്കു സ്‌ഥലകാല ബോധം നഷ്ടപ്പെട്ടു. കണ്ണ്തുറന്നിരുന്നു  ഞാനൊരു  ദിവാസ്വപ്നത്തിലേക്ക് വീണുപോയി.   

നനഞ്ഞ കരിയിലകലും വള്ളിപ്പടർപ്പുകളും നിറഞ്ഞൊരു സരസ്വതീ മണ്ഡപം, മുഷിഞ്ഞ വേഷവും ജടപിടിച്ച മുടിയുമായി ഞാനവിടെയിരുന്ന് എഴുത്തോലയിലെന്തോ എഴുതാൻ ശ്രമിക്കുന്നു, കയ്യ് വിറക്കുന്നു, എഴുത്താണി ഓലയിലുറക്കാതെ തെന്നിനീങ്ങുന്നു, ഞാൻ കരഞ്ഞു പ്രാർത്ഥിച്ചു . ഇതുവരെ കേൾക്കാത്ത ഭാഷയിലേതോ കീർത്തനങ്ങൾ പാടാൻ തുടങ്ങി, നാവുപിഴച്ചിട്ടൊന്നും ഉച്ഛരിക്കാനുമാകുന്നില്ല, ഞാനലറിക്കഴിഞ്ഞുപോയി, ഒരു യുഗത്തിന്റെ ദൈർഗ്യമുള്ള സങ്കടം.  എനിക്കുമുന്പിൽ സരസ്വതീരൂപത്തിൽ മേരിക്കുട്ടി!ഇവളെയാണോ ഞാനിത്രനാളും ധ്യാനിച്ചിരുന്നത്? ഇനിയിതാണോ എന്നോടുള്ള പരീക്ഷണം, അവളതേ പുഞ്ചിരിയിൽ എന്നെത്തന്നെ  നോക്കിയിരുന്നു. ഞാൻ തൊഴുതു പറഞ്ഞു "ദൈവമേ  എന്നോട് ക്ഷമിക്കൂ നിസ്സാരമായൊരു ഉപകാരത്തിൽ അഭിരമിച്ചതിൽ ക്ഷമിക്കൂ,  മനസ്സിലെവിടെയോ ഉരുണ്ടുകൂടിയ അഹങ്കാരത്തിനോട്ക്ഷമിക്കൂ, സേവനത്തിന്റെ ശുദ്ധി മറന്നുപോയതിനു ക്ഷമിക്കൂ, ഇനിയാർക്കെങ്കിലുമൊരു സഹായം ചെയ്യേണ്ടിവന്നാലും  ഇനിയൊന്നു സ്വീകരിക്കേണ്ടി വന്നാലും മിഥ്യാഭിമാനവും അഹങ്കാരവുമുപേക്ഷിച്ചു മനസ്സറിഞ്ഞു ചെയ്തുകൊള്ളാം, സ്വീകരിച്ചുകൊള്ളാം, ഈ അറിവില്ലാത്തവനോട് ക്ഷമിക്കൂ, എന്റെ കർമം ചെയ്യാനനുവദിക്കൂ...." 

അവളെന്റെ കവിളിൽ തോണ്ടിയുണർത്തി, കുടിവെള്ളത്തിന്റെ കുപ്പി വെച്ച് നീട്ടി, അവളെന്നെ വല്ലാതെ നോക്കി, ഞാൻ ഒന്നുമില്ലെന്ന്‌ തലയാട്ടി.സ്വയം സൃഷ്‌ടിച്ച സ്വപ്നമായിരുന്നിട്ടും ഞാനവിടെയായിരുന്നിത്രനേരമെന്നു തോന്നി. മുക്കാൽ കുപ്പി വെള്ളവും ഒറ്റക്കകത്താക്കിയപ്പോൾ ചെറിയൊരാശ്വാസം. ചേട്ടാ ഞാൻ പറയട്ടെ? അടുത്ത നിമിഷം അവളെന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ചോദിച്ചു. അവൾ  ഉത്തരങ്ങളോരോന്നായി  പറഞ്ഞു തുടങ്ങി . അതോ എനിക്കു തോന്നുന്നതാണോ? അറിവ് അവളുടെ  തലച്ചോറിൽ നിന്നുമെന്റെ കൈകളിലേക്ക് പ്രവഹിച്ചു, ഒരു യന്ത്രം പോലെയവൾ പറഞ്ഞുകൊണ്ടേയിരുന്നു. ആ നിമിഷങ്ങളിൽ അവൾ സരസ്വതിദേവിയും ഞാൻ പാമരനായ കാളിദാസനുമായി മാറി, എന്റെ കണ്ണുകൾ നിറഞ്ഞു,മുഖം വീർപ്പുമുട്ടി, ഞാൻഅനുഗ്രഹിക്കപ്പെട്ടിരിക്കുന്നു, ഉത്തരക്കടലാസുകൾ  കരകവിഞ്ഞൊഴുകി,  ഞാൻ  പതിയെ ശാന്തിയെ പുൽകി. ആത്മശാന്തിയുടെ അമൂല്യനിമിഷങ്ങൾ ഞാനറിഞ്ഞു.

പരീക്ഷ കഴിഞ്ഞു ഞങ്ങൾ പുറത്തിറങ്ങി, അവൾക്കതേ പുഞ്ചിരി തന്നെ ഞാനും ചിരിച്ചു, എനിക്കവളെയൊന്നു കെട്ടിപ്പിടിക്കുവാൻ തോന്നി,എന്റെ കണ്ണുകളെന്തിനാ ഇങ്ങനെ നിറയുന്നതെന്നെനിക്കു മനസിലായില്ല. മലയാളം പരീക്ഷയ്ക്ക് കാണാമെന്നു പറഞ്ഞു  എൽസി മിസ്സിനോടും യാത്രപറഞ്ഞു ഞാൻ സ്കൂളിന്റെ മണൽമുറ്റവും, അമ്പലപ്പറമ്പും  കഴിഞ്ഞു പടികളിറങ്ങാൻ നേരം അവളെയൊന്നു തിരിഞ്ഞു നോക്കി, രണ്ടുപേരും തിരിച്ചു പോയിരുന്നു. എനിക്ക് ചിരിവന്നു, ഞാനൊന്നുറപ്പിച്ചു ഇവളെ ഞാൻ മറക്കില്ല ....ഒരിക്കലും.

    

1 comment:

തക്ഷൻകുന്ന് സ്വരൂപം

 തക്ഷൻകുന്ന് സ്വരൂപം  യു വി കുമാരൻ  കേട്ടറിഞ്ഞ കഴിഞ്ഞ കാലത്തേക്കുള്ള ടൈം ട്രാവലായിരുന്നു  തക്ഷൻകുന്ന് വായന, യഥാർത്ഥത്തിൽ അതൊരു വായനയായി ഇപ്പ...

old posts